ശബരിമല സ്വര്‍ണക്കൊളള: എസ്‌ഐടി അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി
.
കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലാണ് ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം.

നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. എസ്‌ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇനി അറസ്റ്റുണ്ടായേക്കില്ല. മാര്‍ച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഇതിന്റെ ആദ്യഘട്ടമെന്നോണം സാക്ഷികളുടെ നീണ്ട പട്ടികയും എസ്‌ഐടി തയ്യാറാക്കി. അഞ്ചുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നായിരുന്നു കഴിഞ്ഞ തവണ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ നീക്കം എസ്‌ഐടി ഉപേക്ഷിക്കുകയായിരുന്നു.

സന്നിധാനത്ത് നിന്ന് ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സ്‌പോണ്‍സര്‍മാരായ അനന്തസുബ്രഹ്‌മണ്യം, രമേഷ് റാവു എന്നിവരും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 479 ഗ്രാം സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന് എത്തിച്ചു നല്‍കിയ കല്‍പേഷും പ്രതിപ്പട്ടികയിലുള്ള മറ്റ് ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരും സാക്ഷികളാകും. ആദ്യം കരട് കുറ്റപത്രം തയ്യാറാക്കി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് നിയമോപദേശം തേടും. തുടര്‍ന്ന് പ്രോസിക്യൂഷന്‍ അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അനുമതി ലഭിച്ചാല്‍ മാര്‍ച്ച് ആദ്യവാരം തന്നെ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.



