റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിൾ വൻ വിജയം

കൊച്ചി: കേരളത്തെ രാജ്യത്തിന്റെ റോബോട്ടിക് ഹബ്ബാക്കാനുള്ള ലക്ഷ്യത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിൾ വൻ വിജയമായി. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നാല് സെഷനുകളിലായി നടന്ന സമ്മേളനത്തിൽ റോബോട്ടിക്സ് മേഖലയ്ക്ക് കുതിപ്പേകുന്ന തീരുമാനങ്ങൾ പിറന്നു.

മികച്ച നൈപുണ്യശേഷിയുള്ളവരെ തിരിച്ചറിയുന്നതും ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതുമാണ് റോബോട്ടിക് സ്റ്റാർട്ടപ് മേഖല പ്രാഥമികഘട്ടത്തിൽ നേരിടുന്ന വെല്ലുവിളിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ‘ഇന്നൊവേറ്റിങ് ഫ്യുച്ചർ -കേരളത്തിലെ റോബോട്ടിക്സ് മേഖലയിലെ മാർഗദർശികളും മുന്നോട്ടുവയ്ക്കുന്ന അത്യാധുനിക പരിഹാരങ്ങളും’ സെഷനിലാണ് ഈ അഭിപ്രായമുയർന്നത്.

അർമഡ എഐ വൈസ് പ്രസിഡണ്ട് പ്രാഗ് മിശ്ര, അൻവി സ്പേസ് കോ–-ഫൗണ്ടർ എസ് വിവേക് ബൊല്ലം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആക്സെഞ്ച്വർ ഇൻഡസ്ട്രിയൽ എഐ എംഡി ഡെറിക് ജോസ് സംസാരിച്ചു. ജനുവരിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കുമുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളിൽ രണ്ടാമത്തേതായിരുന്നു റോബോട്ടിക്സ് റൗണ്ട് ടേബിൾ.

