വിഷു ദിനത്തിൽ പണ്ടാട്ടി ആഘോഷത്തിനൊരുങ്ങി കൊരയങ്ങാട് തെരു ക്ഷേത്ര നിവാസികൾ

കൊയിലാണ്ടി: വിഷുദിനത്തിൽ ഉത്തര കേരളത്തിലെ പത്മശാലിയ സമുദായം പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന തനതായ ചടങ്ങുകളിലൊന്നാണ് “പണ്ടാട്ടി വരവ് “. കൊയിലാണ്ടി കൊരയങ്ങാട് തെരു ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ വിഷുദിദിന കാഴ്ചക്ക് പ്രാദേശിക ഭേദമനുസരിച്ച് “ചപ്പുകെട്ട് “, “യോഗി പുറപ്പാട് ” എന്നിങ്ങനെയും പേരുകളുണ്ട്. വാഴയുടെ ഉണക്കയില ശരീരം മുഴുവൻ പൊതിഞ്ഞുകെട്ടുന്ന വേഷമായതുകൊണ്ടാണ് ഈ ആഘോഷം “ചപ്പുകെട്ട് ” എന്ന പേരിലറിയപ്പെടുന്നത്.

പണ്ടാട്ടി ആഘോഷത്തിന് പിന്നിൽ ശിവ-പാർവ്വതി സംഗമത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും ഐതിഹ്യമാണുള്ളത്. വിഷുദിനത്തിൽ ശിവനും പാർവ്വതിയും വേഷം മാറി പ്രജകളുടെ ഇടയിൽ ക്ഷേമാന്വേഷണത്തിനായി എത്തുന്നു എന്നാണ് സങ്കല്പം. ശിവനും പാർവതിയും സഹായിയും എന്ന രീതിയിൽ മൂന്നു പേരാണ് വേഷമിടുക. ഒരാൾ യോഗിയാണ് എന്നാണ് സങ്കൽപം. ഈ യോഗി പ്രജകളുടെ അസുഖങ്ങൾക്ക് മരുന്ന് കുറിച്ചുകൊടുക്കുകയും സ്വന്തമായ രീതിയിൽ പച്ചമരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യും. സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നാണ് പണ്ടാട്ടി വരവിൻ്റെ പുറപ്പാട്. പിന്നീട് തെരുവുകളിലെ വീടുകൾ തോറും കയറിയിറങ്ങുന്ന പണ്ടാട്ടികൾ വഴിയിൽ കാണുന്നവരെയൊക്കെ അനുഗ്രഹിയ്ക്കും.

പണ്ടാട്ടി വീടുകളിൽ എത്തുന്നതിനു മുമ്പ് ചാണകം തളിച്ച് വീടും പരിസരവും ശുദ്ധി വരുത്തും. കൊളുത്തിവെച്ച നിലവിളക്കിന്റെ കൂടെ നിറനാഴി, കണിവെള്ളരി, നാളികേരം എന്നിവ വെച്ചാണ് പണ്ടാട്ടിയെ സ്വീകരിയ്ക്കുക. പണ്ടാട്ടി തൻറെ വടി കൊണ്ട് വീടുകളുടെ ജനൽ, വാതിൽ, ചുവർ എന്നിവയിൽ അടിച്ച് ശബ്ദമുണ്ടാക്കും. ഈ സമയത്ത് പണ്ടാട്ടിയെ അനുഗമിയ്ക്കുന്നവർ ‘ചക്കക്കായ് കൊണ്ടുവാ… മാങ്ങാക്കായ് കൊണ്ടുവാ… ചക്കേം മാങ്ങേം കൊണ്ട് വാ..”എന്നിങ്ങനെ ആർപ്പ് വിളിച്ച് പടക്കങ്ങൾ പൊട്ടിച്ച് ശിവപാർവ്വതി സാന്നിധ്യത്തിന് മിഴിവേകും.

വട്ടത്തിൽ മുറിച്ച വെള്ളരി കൊണ്ട് കാതിൽ ആഭരണവും, ചകിരി കൊണ്ടുള്ള മീശയും വാഴ കൊണ്ടുള്ള കിരീടവുമാണ് “ചപ്പകെട്ടു” കാരുടെ വേഷത്തിൻ്റെ രൂപ സവിശേഷത, കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ എല്ലാവർഷവും വിഷു ദിനത്തിൽ മുടങ്ങാതെ പണ്ടാട്ടി ആഘോഷം തുടർന്ന് വരുന്നു.
