ടി20 ലോകകപ്പിൽ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടമുണ്ടാകില്ലെന്ന് റിപ്പോർട്ട്
ടി20 ലോകകപ്പിൽ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടമുണ്ടാകില്ലെന്ന് റിപ്പോർട്ട്. മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട പോരാട്ടത്തിൽ നിന്ന് പാക് ടീം വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

എന്നാൽ ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കില്ലെന്നും ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ക്കെതരിരെ മത്സരങ്ങളിൽ കളിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ടീം നാളെ ശ്രീലങ്കയ്ക്ക് പറക്കാനിരിക്കെ ആണ് പുതിയ തീരുമാനം. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയോടുള്ള പ്രതിഷേധമായാണ് പാകിസ്ഥാന്‍റെ നീക്കം.

പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിപിന്മാറാൻ തീരുമാനിച്ചതോടെ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയന്‍റുകൾ ലഭിക്കും. സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ പാകിസ്ഥാന്‍റെ നിലപാട് എന്തായിരിക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.




