ഭിന്നശേഷിക്കാർക്കും അനാഥാലയങ്ങൾക്കും ആശ്വാസം; കുടിവെള്ള ചാർജിൽ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ്
.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകൾക്കും അനാഥാലയങ്ങൾക്കും കുടിവെള്ള ചാർജിൽ വലിയ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിർധനരായവർക്കും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. 40 ശതമാനമോ അതിലധികമോ ഓട്ടിസം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങൾ, 40 ശതമാനമോ അതിലധികമോ അംഗവൈകല്യം ബാധിച്ചവർ താമസിക്കുന്ന കുടുംബങ്ങൾ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക.

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സൗജന്യമായി സേവനം നൽകുന്നതുമായ അനാഥാലയങ്ങൾക്കും ഇളവുണ്ട്. വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയ്ക്കും ഇളവ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും ജലം എത്തിക്കുന്നതിൽ അതോറിറ്റിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പരിഗണിക്കാതെ തന്നെ ഈ ആനുകൂല്യം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജല അതോറിറ്റിയുടെ നിലവിലുള്ള സാമ്പത്തിക സ്ഥിതിക്കിടയിലും മാനുഷിക പരിഗണന മുൻനിർത്തിയാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. അർഹരായവർക്ക് വെള്ളക്കരത്തിൽ നിശ്ചിത യൂണിറ്റ് വരെ ഇളവ് ലഭിക്കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുക.




