KOYILANDY DIARY

The Perfect News Portal

സ്കൂളിന് പുറത്തുള്ള ബന്ധങ്ങൾ കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു

പത്തനംതിട്ട: സ്‌കൂളിന് പുറത്തുള്ള സൗഹൃദങ്ങള്‍ വഴി കുട്ടികള്‍ ചെന്നെത്തുന്നത് വന്‍ ലഹരി മാഫിയയുടെ പിടിയിലേക്ക്. പഠിക്കാനും കളിക്കാനുമെല്ലാം കൂടുതല്‍ ഊര്‍ജം കിട്ടുമെന്നുപറഞ്ഞ് വലിയ ക്ലാസിലെ ഒരു ചേട്ടന്‍ നല്‍കിയ ഗുളിക ഉപയോഗിക്കാന്‍ തുടങ്ങിയ കുട്ടിക്ക് പിന്നീട് അത് ഇല്ലാതെ വയ്യെന്നായി. 15ഉം 16ഉം വയസുള്ള കുട്ടികളെ വരുതിയിലാക്കുന്ന ലഹരി മാഫിയ ഇവരെ ഉപയോഗിച്ച് ചെറിയ കുട്ടികളെ കൂടി കണ്ണിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു.

 

പത്തനംതിട്ടയിലെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് ഗുളിക കണ്ടെത്തിയത് രക്ഷിതാവാണ്. സമാനമായ ഗുളികകള്‍ വീട്ടിലെ മുറിയില്‍ പലയിടത്തുനിന്നും കണ്ടെത്തിയിരുന്നു. കഴിക്കുമ്പോള്‍ ഫലമുണ്ടെന്ന് മനസിലായ കുട്ടി ഇത് സ്ഥിരമാക്കി. കഴിക്കാതിരിക്കാനാവാത്ത അവസ്ഥയിലുമെത്തി. മയക്കുമരുന്നാണെന്ന് മനസിലാക്കാതെയാണ് കുട്ടി ഇതുപയോഗിച്ചത്. ഒടുവില്‍ ലഹരിമുക്ത കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയാണിപ്പോള്‍.

 

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടക്കുന്നുണ്ട്. കുട്ടികള്‍ ഉപയോഗിക്കുന്ന മിഠായികള്‍ വരെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നതായി അധികൃതര്‍ പറയുന്നു. ഇതേവരെ അപകടകരമായ ഒന്നും ഇവയില്‍നിന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍, മയക്കുമരുന്ന് ഗുളികകളുടെയും കഞ്ചാവിന്റെയും ഉപയോഗം കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നു.

Advertisements

 

ഈ ജനുവരി മുതല്‍ 35 കുട്ടികളെയാണ് എക്സൈസ് വകുപ്പ് വിമുക്തി മിഷന്‍ മുഖേന ലഹരിമുക്ത കേന്ദ്രത്തിലെത്തിച്ചത്. 14നും 21നുമിടയില്‍ പ്രായമുള്ള ലഹരിക്കടിമപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നതായും വിമുക്തി അധികൃതര്‍ പറയുന്നു.