രാജമല സന്ദർശകർക്കായി തുറന്നു

മൂന്നാർ: അവധിയാഘോഷിക്കാൻ മൂന്നാറിലെത്തുന്നവർക്ക് ഇനി വരയാടുകളെ കണ്ട് മടങ്ങാം. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജമല സന്ദർശകർക്കായി തുറന്നു. 2220 പേരാണ് ആദ്യദിവസമെത്തിയത്. വിദേശ സഞ്ചാരികളടക്കമുള്ളവർ എത്തി. സഞ്ചാരികൾക്കായി ഒരുക്കിയ ബഗ്ഗി കാറിൽ നിരവധിപേർ യാത്ര ചെയ്തു. വരയാടുകളുടെ പ്രജനനത്തെതുടർന്ന് ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31വരെ രാജമല അടച്ചിരുന്നു.

രാവിലെ എട്ടുമുതൽ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. വിദേശികൾക്ക് 500, മുതിർന്നവർക്ക് 200, സ്‌കൂൾ വിദ്യാർത്ഥികൾക്ക് 150, കുട്ടികൾക്ക് 50 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നയമക്കാട് അഞ്ചാംമൈലിലെത്തുന്ന സന്ദർശകരെ വനംവകുപ്പിന്റെ വാഹനത്തിലാണ് വരയാടുകളുടെ ആവാസ കേന്ദ്രത്തിലെത്തിക്കുന്നത്. ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.

