KOYILANDY DIARY.COM

The Perfect News Portal

രാമക്ഷേത്രം ഉദ്‌ഘാടനസമയത്ത്‌ ഉത്തരേന്ത്യയിൽ സർവീസ്‌ നടത്താൻ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ റെയിൽവേ റദ്ദാക്കുന്നു

പാലക്കാട്: അയോധ്യയിൽ രാമക്ഷേത്രം ഉദ്‌ഘാടനസമയത്ത്‌ ഉത്തരേന്ത്യയിൽ സർവീസ്‌ നടത്താൻ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ റെയിൽവേ റദ്ദാക്കുന്നു. ജനുവരി 16 മുതൽ കേരള എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി അമൃത്‍സർ തുടങ്ങി എട്ട്‌ ട്രെയിനുകളുടെ 16 സർവീസാണ് റദ്ദാക്കുന്നത്. ഇവ ഉത്തരേന്ത്യയിൽ സർവീസ്‌ നടത്തും. ഇതുസംബന്ധിച്ച ഔദ്യോ​ഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. എന്നാൽ ജനുവരി 16 മുതൽ ട്രെയിനുകൾ റദ്ദാക്കുമെന്ന അറിയിപ്പ് പാലക്കാട് ഡിവിഷന് നൽകിയിട്ടുണ്ട്. ജനുവരി 22നാണ് രാമക്ഷേത്രം ഉദ്‌ഘാടനം. 

ചടങ്ങിലേക്ക് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ സൗജന്യമായി ആളുകളെ എത്തിക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് നീക്കം. പ്രതിഷേധം ഉയരാതിരിക്കാൻ മധുര യാർഡിൽ അറ്റകുറ്റപ്പണിയാണെന്നാണ്‌ റെയിൽവേയുടെ വാദം. ദീർഘദൂര സർവീസ് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കുന്നതോടെ മലയാളികളുടെ യാത്ര പ്രയാസകരമാകും. നിലവിൽ കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന ട്രെയിനുകളിൽ നിൽക്കാൻ പോലും ഇടമില്ല. വന്ദേഭാരതിന്‌ സമയം പാലിക്കുന്നതിന്‌ മറ്റ്‌ ട്രെയിനുകളെയെല്ലാം വഴിയിൽ പിടിച്ചിടുന്നതും പതിവാണ്‌. 

 

നേരത്തെ ശബരി എക്സ്പ്രസിന് ഷൊർണൂരിലുണ്ടായിരുന്ന സ്റ്റോപ്പ് ഒഴിവാക്കിയിരുന്നു. പകരം വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. മലബാറിലേക്കുള്ള പ്രവേശനകവാടം കൂടിയായ ഷൊർണൂരിനെ അവ​ഗണിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. റെയിൽവേ ബോ​ഗികളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഷൊർണൂർ ഐഒഎച്ച് (ഇന്റർമീഡിയേറ്റ് ഓവർ ഹാൾ) ഷെഡ് മം​ഗളൂരിലേക്ക് മാറ്റാനും ഉത്തരവ് ഇറങ്ങിയിരുന്നു.

Advertisements
Share news