KOYILANDY DIARY.COM

The Perfect News Portal

റെയിൽവെ അവഗണന: വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ നടത്തി*

 

കൊയിലാണ്ടി: റെയിൽവെ അവഗണനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് ധർണ്ണയും ജനകീയ ഒപ്പു ശേഖരണവും നടത്തി. വെട്ടിക്കുറച്ച സ്ലീപ്പർ കോച്ചുകൾ പുനസ്ഥാപിക്കുക, സാധാരണക്കാരുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ചില പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള അധികൃതരുടെ തെറ്റായ തീരുമാനം പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർ ണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് എ പി വേലായുധൻ ഉദ്ഘാടനം ചെയ്തു.

മറ്റ് പല മേഖലകളിലും തെറ്റായ ജനദ്രോഹ നടപടികളുമായി മുന്നോട്ടു നീങ്ങുന്ന കേന്ദ്രസർക്കാർ റെയിൽവേയുടെ കാര്യത്തിൽ തികച്ചും ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണക്കാരന്റെ പൗരാവകാശങ്ങളെ നിർദ്ദയം ഹനിക്കുന്ന ഇത്തരം ജനവിരുദ്ധമായ നടപടികളിൽ നിന്ന് റെയിൽവേ അധികൃതർ പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് വി കെ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  സാധാരണക്കാരന്റെ യാത്രാസൗകര്യങ്ങളെ ക്രമേണ ഇല്ലാതാക്കി സമ്പന്നന് മാത്രം യാത്ര ചെയ്യാനുള്ള മാധ്യമമായി റെയിൽവേയെ മാറ്റാൻ ഒരിക്കലും അനുവദിക്കുന്നതല്ലെന്നും, സ്ലീപ്പർ കോച്ചുകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും അദ്ധേഹം പറഞ്ഞു. പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കുകയല്ല മറിച്ച് എണ്ണം കൂട്ടി സാധാരണക്കാരന്റെ സൗകര്യം ഒരുക്കുകയാണ് വേണ്ടത്. ജനദ്രോഹ നടപടികളുമായി റെയിൽവേ മുന്നോട്ട് പോകുന്ന പക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് അദ്ധേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നടന്ന ജനകീയ ഒപ്പു ശേഖരണത്തിൽ യാത്രക്കാരും പൊതുജനങ്ങളും ഒപ്പുവെച്ചു. യാത്രക്കാരുടെ നീറുന്ന പ്രശ്നങ്ങൾ കൊയിലാണ്ടി സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിഷേധ ധർണയിൽ മണ്ഡലം സെക്രട്ടറി റഫീഖ് എം പുറക്കാട് സ്വാഗതവും സഹീർ പുറക്കാട് നന്ദിയും പറഞ്ഞു.
Share news