KOYILANDY DIARY

The Perfect News Portal

യാത്ര പാളം തെറ്റിച്ച്‌ റെയിൽവേ

കോഴിക്കോട്‌: വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പെടെ സ്ഥിരം ട്രെയിൻ യാത്രികർക്ക്‌ റെയിൽവേയുടെ ഇരുട്ടടി. രാവിലെയുള്ള കോഴിക്കോട്‌- ഷൊർണൂർ (ട്രെയിൻ നമ്പർ 06495), വൈകിട്ടുള്ള തൃശൂർ- കോഴിക്കോട്‌ (06496) അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസുകൾക്ക്‌ അധികൃതരുടെ സഡൻ ബ്രേക്ക്‌. അറ്റകുറ്റപ്പണിയെന്ന കാരണം പറഞ്ഞാണ്‌ രണ്ട്‌ ട്രെയിനുകളുടെയും സർവീസ്‌ താൽക്കാലികമായി റദ്ദാക്കുന്നത്‌.
എപ്പോൾ പുനഃസ്ഥാപിക്കുമെന്ന്‌ റെയിൽവേ വ്യക്തമാക്കുന്നില്ല. രാത്രി‌ 7.55ന്‌ കോഴിക്കോട്‌ എത്തുന്ന ഷൊർണൂർ- കോഴിക്കോട്‌ മെമുവും (06455) മൂന്നു മണിക്കൂറിലേറെ വൈകിയാകും സർവീസ്‌ നടത്തുക. ഒമ്പത്‌, 10 തീയതികളിലായി പുതിയ സമയക്രമം വരുന്നതോടെ  വൈകിട്ട്‌ 3.53 കഴിഞ്ഞാൽ പിന്നെ നാല്‌ മണിക്കൂർ കഴിഞ്ഞാകും ഷൊർണൂരിൽനിന്ന്‌ കോഴിക്കോട്‌ ഭാഗത്തേക്ക്‌ പ്രതിദിന വണ്ടിയുണ്ടാവുക.
വൈകിട്ട്‌ 5.35 തൃശൂരിൽനിന്ന്‌ പുറപ്പെടുന്ന തൃശൂർ — കോഴിക്കോട്‌ എക്‌സ്‌പ്രസ്‌ ഒമ്പതുമുതൽ ഷൊർണൂർവരയേ സർവീസ്‌ നടത്തൂ. രാവിലെ 7.30ന്‌ കോഴിക്കോട്ടുനിന്ന്‌ പുറപ്പെടുന്ന കോഴിക്കോട്‌- ഷൊർണൂർ എക്‌സ്‌പ്രസ്‌ 10 മുതൽ സർവീസ്‌ പൂർണമായും അവസാനിപ്പിക്കും. വൈകിട്ട്‌ 3.45ന്‌ പുറപ്പെടുന്ന ഷൊർണൂർ- കോഴിക്കോട്‌ മെമു 10 മുതൽ രാത്രി 8.40നാണ്‌ ഷൊർണൂരിൽനിന്ന്‌ സർവീസ്‌ ആരംഭിക്കുക. രാത്രി 7.55ന്‌ കോഴിക്കോട്ടെത്തിയിരുന്ന വണ്ടി ഇനി രാത്രി 11.20നാണ്‌ എത്തുക.
വൈകിട്ട്‌ 6.40ന്‌ കോഴിക്കോട്ടെത്തിയിരുന്ന കോയമ്പത്തൂർ- കണ്ണൂർ എക്‌സ്‌പ്രസ്‌ (16608) ഒരു മണിക്കൂറോളം നേരത്തെയാക്കിയതും കണ്ണൂർ എക്‌സിക്യുട്ടീവിൻറെ സമയക്രമം വൈകിപ്പിച്ചതും യാത്രക്കാരെ വലയ്‌ക്കുന്നതിനിടെയാണ്‌ പുതിയ നടപടി. അൺ റിസർവ്‌ഡ്‌ ട്രെയിനുകളെ ആശ്രയിച്ച്‌ യാത്ര ചെയ്യുന്നവരെ കാര്യമായി ബാധിക്കുന്നതാണ്‌ പുതിയ ക്രമീകരണം. ജോലികഴിഞ്ഞും ക്ലാസുകൾ കഴിഞ്ഞും തിരിച്ച്‌ വീട്ടിലേക്കുള്ള നൂറുകണക്കിനാളുകളുടെ യാത്രയാണ്‌ പ്രതിസന്ധിയിലാകുന്നത്‌. കോവിഡ്‌ കാലത്ത്‌ സ്‌പെഷ്യൽ ട്രെയിൻ എന്ന പേരിൽ പാസഞ്ചർ ട്രെയിനുകൾക്ക്‌ വർധിപ്പിച്ച ടിക്കറ്റ്‌ നിരക്കും അതുപോലെ തുടരുകയാണ്‌.