KOYILANDY DIARY

The Perfect News Portal

ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്ക്‌ പദ്ധതി നിർവഹണ, ഉപദേശക സമിതിയായി

കോഴിക്കോട്‌: സംസ്ഥാന സർക്കാർ 500 കോടി ചെലവഴിച്ച്‌ കോഴിക്കോട്ട്‌ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്ക്‌ പദ്ധതി നിർവഹണ, ഉപദേശക സമിതികളായി. ആരോഗ്യ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി മൊഹമ്മദ്‌ ഹനീഷ് അധ്യക്ഷനായാണ്‌ സമിതികൾ. ആശുപത്രി സ്പെഷ്യൽ ഓഫീസർ ഡോ. ബിജു പൊറ്റെക്കാട്‌ സമർപ്പിച്ച നിർദേശത്തിൻറെ അടിസ്ഥാനത്തിൽ സർക്കാർ കഴിഞ്ഞ ദിവസമാണ്‌ ഉത്തരവിറക്കിയത്‌.
വിദഗ്‌ധരും സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്ന സമിതികളുടെ മെമ്പർ സെക്രട്ടറി അവയവമാറ്റ ആശുപത്രി സ്പെഷ്യൽ ഓഫീസറാണ്‌. സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ ഡയറക്ടർ ഡോ. കെ കെ മാധവൻ, ഐഐടി ഖൊരക്‌പൂർ ആർകിടെക്‌ചർ ആൻഡ്‌ പ്ലാനിങ് വിഭാഗം മേധാവി ഡോ. അബ്രഹാം ജോർജ്‌, ലഖ്നൗ സഞ്ജയ്‌ ഗാന്ധി പോസ്‌റ്റ്‌  ഗ്രാജുവേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ സെന്റർ നെഫ്രോളജി മേധാവി ഡോ. നാരായണ പ്രസാദ്‌, യുഎസ്‌എ വിസ്‌കോൻസിൻ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. പരമേശ്വരൻ ഹരി, ഹൈദരാബാദ്‌ നിസാംസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ വി കുമാർ, കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക്‌ ശസ്‌ത്രക്രിയാ വിഭാഗം മേധാവി ടി കെ ജയകുമാർ തുടങ്ങിയവരാണ്‌  16 അംഗ ഉപദേശക സമിതിയിലുള്ളത്‌. 
 
നാഷണൽ ഓർഗൻ ആൻഡ്‌ ടിഷ്യൂ ട്രാൻസ്‌പ്ലാന്റ്‌ ഓർഗനൈസേഷൻ ഡയറക്ടറും കെ-സോട്ടോ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറും സമിതി അംഗങ്ങളാണ്‌. സംസ്ഥാന പ്ലാനിങ് ബോർഡ്‌ അംഗം ഡോ. ബി ഇക്‌ബാൽ, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ 14 അംഗ നിർവഹണ സമിതിയിലുണ്ട്‌.