KOYILANDY DIARY

The Perfect News Portal

ട്രയൽ റണ്ണിൽ വന്ദേ ഭാരത്‌ രണ്ട്‌ മിനിറ്റ്‌ വൈകിയതിന്‌ റെയിൽവേ ചീഫ്‌ കൺട്രോളർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം: വന്ദേ ഭാരത് ട്രയൽ റണ്ണിനിടെ യാത്രക്കാരുള്ള വേണാട്‌ എക്‌സ്‌പ്രസ് ആദ്യം കടത്തിവിട്ടതിന്‌ റയിൽവെ ചീഫ് കൺട്രോളർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ഡിവിഷണൽ ചീഫ്‌ കൺട്രോളർ ബി എൽ കുമാറിനെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.


വന്ദേ ഭാരതിന്റെ ട്രയൽ റൺ വെറും രണ്ട് മിനിറ്റ്‌ വൈകിയതിനാണ്‌ റെയിൽവേയുടെ നടപടി. ട്രെയിൻ മൂവ്മെന്റ്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരത്തെ ചീഫ് കൺട്രോളർക്ക് ഇന്നലെ വൈകിട്ട് 6 മണി മുതൽ രാത്രി 12 വരെയായിരുന്നു ഡ്യൂട്ടി. ഈ സമയത്താണ് നിറയെ യാത്രക്കാരുമായുള്ള വേണാട് എക്‌സ്‌പ്രസ് കടന്ന് പോകേണ്ടത്.

Advertisements

വേണാടിന് ആദ്യ സിഗ്നൽ നൽകിയതിനാൽ  വന്ദേ ഭാരത്‌ വൈകീട്ട് 6.30 ന് പിറവം റോഡിൽ വെറും രണ്ട് മിനിറ്റ്‌ നിർത്തിയിടേണ്ടി വന്നു. അതിനാണ് സസ്പെൻഷൻ എന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ്‌ ട്രെയിനുകളെല്ലാം പിടിച്ചിട്ട ശേഷമാണ്‌ വന്ദേഭാരത്‌ സർവീസ്‌ നടത്തിയത്‌. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തുന്ന ട്രെയിനെന്ന്‌ വരുത്തിത്തീർക്കാനാണ്‌ മറ്റ്‌ ട്രെയിനുകൾ കൂട്ടത്തോടെ വൈകിച്ചത്‌.