മോർച്ചറിയിലെ ഫ്രീസർ പ്രവർത്തന രഹിതമായതിൽ പ്രതിഷേധം
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസർ തകരാറയിതിൽ പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിക്കുമെന്ന അറിയിപ്പിനെ തുടർന്നാണ് യു.ഡി.എഫ് കൗൺസിലർമാർ ആശുപത്രിയിലെത്തിയിരുന്നത്. എന്നാൽ മന്ത്രിയും ഉദ്യോഗസ്ഥരും എത്താതിനെ തുടർന്ന് കൗൺസിലർമാർ മോർച്ചറി സന്ദർശിക്കുകയായിരുന്നു.

മോർച്ചറിയിലെ ഫ്രീസർ കേടായതിനാൽ വൈകിട്ട് എത്തുന്ന മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കാണ് അയക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചആളെ തിരിച്ചറിയാൻ ബന്ധുക്കൾ രാത്രി മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോകേണ്ടതായിവന്നെന്ന് കൗൺസിലർമാരായ എ. അസീസും പി. രത്നവല്ലിയും പറഞ്ഞു.

ഫ്രീസർ ഇല്ലാത്തത് കാരണം ബന്ധുക്കൾക്ക് വൻ തുക അധിക ബാധ്യതയായി വരുന്നതായും കൗൺസിലർമാർ പറഞ്ഞു. അടിയന്തരമായി മോർച്ചറി യിലെ ഫ്രീസറിൻ്റെ തകരാറ് പരിഹരിച്ച് പ്രവർത്തിപ്പിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. കൌൺസിലർമാരായ രജീഷ് വെങ്ങളത്ത്കണ്ടി, കെ. എം. നജീബ്, വത്സരാജ് കോളോത്ത്, മനോജ് പയററുവളപ്പിൽ എന്നിവർ പങ്കെടുത്തു
