KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ കമ്പനിയുടെ ടെൻഡർ 120 കോടിക്ക്; പകുതിവിലയ്ക്ക് വന്ദേ ഭാരത് നിർമിച്ച് ബെമൽ

120 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനിക്ക് ടെൻഡർ ചെയ്തിരുന്ന വന്ദേ ഭാരത് പകുതി വിലയ്ക്ക് നിർമിച്ച് ബെമൽ (ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌). കേന്ദ്രം തുച്ഛമായ വിലയ്ക്ക് വിൽക്കാൻ നിശ്ചയിച്ച പൊതുമേഖലാസ്ഥാപനമാണ് ബെമൽ. 6 കോച്ചുള്ള ട്രെയിനിന്റെ എഞ്ചിൻ ഉൾപ്പെടെ 67.5 കോടി രൂപയ്ക്കാണ് ബെമൽ നിർമിച്ചിരിക്കുന്നത്. 160 മുതൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന 16 കോച്ചുള്ള 80 വന്ദേഭാരത്‌ ട്രെയിനുകൾ നിർമിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരുന്നത്. ഇതിനാവശ്യമായ ചെലവ് 9600 കോടി രൂപയാണ്.

ബെമലിന് ഇത് 5400 കോടി രൂപയ്ക്ക് നിർമിച്ച് നൽകാനാകും എന്നാണ് ഇപ്പോൾ തെളിയുന്നത്. നിലവിൽ 675 കോടിക്ക്‌ പത്ത്‌ ട്രെയിൻ സെറ്റ്‌ നിർമിക്കാനുള്ള ടെൻഡറാണ്‌ ബെമലിനുള്ളത്‌. ബാക്കിയുള്ളവയും കൂടെ ബെമലിന് തന്നെ നിർമിച്ച് നല്കാനാകുമെങ്കിൽ വലിയ ലാഭമാകും കേന്ദ്രസർക്കാരിന് ലഭിക്കുക. 56,000 കോടി ആസ്‌തിയുള്ള മിനി നവരത്ന കമ്പനിയെ 1800 കോടി രൂപ വിലയിട്ടാണ്‌ കേന്ദ്രം വിൽക്കാൻ തീരുമാനിച്ചത്‌. വിൽപ്പനയ്‌ക്കെതിരെ 1327 ദിവസമായി ജീവനക്കാർ സമരത്തിലാണ്‌. വന്ദേഭാരത്‌ ട്രെയിൻ കൂടി നിർമിച്ചതോടെ ബെമലിന്റെ ഓഹരിവില 3600ൽ നിന്ന്‌ 5000 രൂപയായി ഉയർന്നിട്ടുമുണ്ട്.

Share news