ദുരുപയോഗിക്കാൻ സാധ്യത; സിഎംഡിആർഎഫ് സംഭാവനയ്‌ക്കായുള്ള ക്യുആര്‍ കോഡ് പിന്‍വലിക്കും

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി ഏർപ്പെടുത്തിയ യുപിഐ ക്യുആര്‍ കോഡ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ക്യുആര്‍ കോഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇതിന് പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴിയോ അക്കൗണ്ട് വഴി നേരിട്ടോ സംഭാവന നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങള്‍ ചെവിക്കൊള്ളുന്നതെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ അനുശോചനമറിയിച്ചു കൊണ്ട് കേരളത്തോട് ഐക്യപ്പെട്ടിരുന്നു. ഓക്സ്ഫോര്‍ഡ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍, കേരളത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു വീഡിയോ തയാറാക്കിയതായും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി https://donation.cmdrf.kerala.gov.in/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്‍റ് സംവിധാനം വഴി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ, അക്കൗണ്ട് എന്നിവ ഉപയോഗിച്ച് സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

