KOYILANDY DIARY

The Perfect News Portal

ഫ്രാൻസിലേക്ക്‌ മനുഷ്യക്കടത്തിന്‌ സാധ്യത, കേരളതീരത്ത്‌ ജാഗ്രതാ നിർദേശം

കൊല്ലം: ഫ്രാൻസിലേക്ക്‌ മനുഷ്യക്കടത്തിന്‌ സാധ്യത, കേരളതീരത്ത്‌ ജാഗ്രതാ നിർദേശം. ശ്രീലങ്കയിൽ നിന്ന്‌ ചെന്നൈയിൽ എത്തിയ അമ്പതിലധികം തമിഴ്‌ വംശജർ കേരളതീരം വഴി  മത്സ്യബന്ധനബോട്ടിൽ ഫ്രാൻസിലേക്ക്‌ കടക്കാൻ സാധ്യതയെന്ന ദേശീയ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന്‌  കോസ്‌റ്റൽ, മറൈൻ പൊലീസ്‌ നിരീക്ഷണം ശക്തമാക്കി.
ശ്രീലങ്കയിൽനിന്ന്‌ വിമാനമാർഗം 28നും 29നും  ചെന്നൈയിലെത്തിയ സംഘം ഗ്രൂപ്പുകളായോ ഒറ്റയ്‌ക്കോ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്നാണ്‌ ദേശീയ സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ. വലിയ മത്സ്യബന്ധന ബോട്ടുകൾ ലഭ്യമാകുന്ന നീണ്ടകര, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ സംഘം റുമാനിയ, സ്വിറ്റ്‌സർലന്റ്‌ വഴി ഫ്രാൻസിലേക്ക്‌ കടക്കാനാണ്‌ ശ്രമമെന്ന്‌ റൂട്ട്‌മാപ്പ്‌ സഹിതമുള്ള മുന്നറിയിപ്പിൽ പറയുന്നു.
Advertisements
ശ്രീലങ്കൻ തമിഴ്‌ വംശജർ മുറികൾ എടുക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിലെ ഹോട്ടലുകൾ, ലോഡ്‌ജുകൾ ഹോംസ്‌റ്റേകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താനും നിർദേശമുണ്ട്‌. സംസ്ഥാനത്ത്‌ നടക്കുന്ന  ബോട്ടു വിൽപനയുടെയും കൈമാറ്റങ്ങളുടെയും വിവരം ശേഖരിക്കണം. സംശയാസ്‌പദ സാഹചര്യങ്ങളിൽ  ബോട്ടുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരം അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്കും നിർദേശം നൽകി.
കാനഡയിലേക്ക്‌ മനുഷ്യക്കടത്തിനെന്ന സൂചനയെ തുടർന്ന്‌ കഴിഞ്ഞ വർഷം മെയ്‌ ആദ്യവാരം കേന്ദ്ര ഇന്റലിജൻസിന്റെ നിർദേശത്തിൽ കൊല്ലം കുരീപ്പുഴയ്‌ക്ക്‌ സമീപം കായൽ തീരത്ത്‌ കെട്ടിയിട്ടിരുന്ന ‘സാഗർമാതാ’ ബോട്ട്‌ കേന്ദ്രീകരിച്ച്‌ സമഗ്ര അന്വേഷണം നടത്തിയിരുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ച  ബോട്ടിന്‌ ഫിഷറീസ്‌ വകുപ്പ്‌  2.5ലക്ഷം രൂപ പിഴ ചുമത്തി. സെപ്‌തംബറിൽ കാനഡയിലേക്ക്‌ കടക്കാനായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്‌ജുകളിലും ഹോട്ടലുകളിലുമായി മുറിയെടുത്ത ട്രിങ്കോമാലി സ്വദേശികൾ അടക്കം 30  തമിഴ്‌ ശ്രീലങ്കൻ വംശജരെ പൊലീസ്‌ പിടികൂടിയിരുന്നു.