KOYILANDY DIARY.COM

The Perfect News Portal

പിഎം കിസാൻ പദ്ധതി; നൽകിയ ആനുകൂല്യം തിരികെയെടുത്ത് കേന്ദ്രം

കോഴിക്കോട്: പിഎം കിസാൻ പദ്ധതിയിൽ നൽകിയ ആനുകൂല്യം തിരികെയെടുത്ത് കേന്ദ്രം. കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന (പിഎം കിസാൻ) പദ്ധതിയിൽ ആനുകൂല്യം കൈപറ്റിയവർ ആശങ്കയിൽ. വിവിധ കാരണം പറഞ്ഞ് കേന്ദ്രം ആനുകൂല്യം തിരികെ പിടിക്കുകയാണെന്നാണ് ആരോപണം. ഇതോടൊപ്പം വിവിധ കാർഷികാനുകൂല്യ പദ്ധതികളുടെ സബ്സിഡിയും മാസങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണ്. ​​യോഗ്യതയില്ലാത്തവർ പിഎം കിസാൻ  ആനുകൂല്യം കൈപ്പറ്റിയെന്ന് പറ‍ഞ്ഞാണ് തുക തിരിച്ചുപിടിക്കുന്നത്.

2018ലാണ് ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന സഹായമായി പ്രതിവർഷം 6000 രൂപ നൽകുന്ന പദ്ധതിക്ക് കേന്ദ്രം തുടക്കമിട്ടത്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്കാണ് സഹായം. എന്നാൽ ആരംഭഘട്ടത്തില്‍ ബിജെപി രാഷ്ട്രീയമായി പദ്ധതിയെ ഉപയോ​ഗിച്ചു. എല്ലായിടത്തും ബിജെപി പ്രവർത്തകരെയും അനുഭാവികളെയും ഇഷ്ടക്കാരെയും തിരുകികയറ്റി. ഇടനിലക്കാരും കർഷകരുടെ പേരിൽ പണം തട്ടി.

 

സംസ്ഥാനത്ത് 30,416 പേർ അനർഹമായി ആനുകൂല്യം കൈപ്പറ്റിയെന്നായിരുന്നു റിപ്പോർട്ട്. ഇവരിൽ ഭൂരിഭാ​ഗവും ആദായനികുതി അടയ്ക്കുന്നവരായിരുന്നു. ഇതിനിടെ ആനുകൂല്യം കൈപ്പറ്റിയവർ  തിരിച്ചടയ്ക്കണമെന്ന  പ്രചാരണം വന്നു. ഇതോടെയാണ് കര്‍ഷകര്‍ അങ്കലാപ്പിലായത്. എന്നാല്‍ അനര്‍ഹമായി തുക കൈപ്പറ്റിയവര്‍ തിരിച്ചടച്ചാല്‍ മതിയെന്നാണ് ഔദ്യോ​ഗിക വിശദീകരണം. പണം നേരിട്ട് കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട് ഓഫീസിന്റെ പേരിൽ ചെക്കോ ഡിഡിയോ ആയി തിരിച്ചടയ്ക്കാം. അനര്‍ഹരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് നേരിട്ടും തുക പിടിച്ചെടുത്തിരുന്നു.

Advertisements
Share news