KOYILANDY DIARY

The Perfect News Portal

ഭരണഘടനയെ അസ്ഥിരപ്പെടുത്താൻ ആസൂത്രിത ശ്രമം: സ്പീക്കർ എ.എൻ. ഷംസീർ

കൊയിലാണ്ടി: ഭരണഘടനയെ അസ്ഥിരപ്പെടുത്താൻ  കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.. പൊതു പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ട് തികഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നൽകിയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
എന്തെല്ലാം വൈകൃതങ്ങൾ കാണിച്ചാലും അതെല്ലാം അതിജീവിച്ച് രാജ്യം നിലനിൽക്കുക തന്നെ ചെയ്യും. രണ്ട് വർഷക്കാലത്തെ നിരന്തര ചർച്ചയിലൂടെ രൂപപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. എല്ലാ മത വിശ്വാസികൾക്കും അവരുടെ വിശ്വാസാചാരങ്ങളോടെ ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. എല്ലാവർക്കും തുല്യനീതി ഭരണഘടന അനുശാസിക്കുന്നു. ചില ഘട്ടങ്ങളിലൊക്കെ തിരിച്ചടിയുണ്ടായിട്ടുണ്ട്. അവയെ നാം ഒറ്റക്കെട്ടായി തോൽപ്പിച്ചിട്ടുമുണ്ട്. നിരാശയുണ്ടായേക്കാം. എന്നാൽ ഭാവിയെ കുറിച്ച് ആശങ്ക വേണ്ട.
വിശ്വാസികൾക്ക് അവരുടെ വിശ്വാസം മുറുകെ പിടിച്ചു തന്നെ മുന്നോട്ട് പോകാനാകും. വർഗീയതക്കെതിരെ എന്നും  ശക്തമായ നിലപാട്  സ്വീകരിച്ചവരാണ് കാന്തപുരവും അദ്ദേഹത്തിൻ്റെ പ്രസ്ഥാനവും. മുസ്ലിം സമുദായത്തിൽ വർഗീയത കുത്തിവെക്കാൻ ശ്രമം നടന്നപ്പോഴെല്ലാം കാന്തപുരം അതിനെതിരെ വ്യക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഭിന്നിപ്പിനുവേണ്ടി ശ്രമിക്കുന്നവരെ തള്ളി മതേതരത്തിനു വേണ്ടി നിലകൊണ്ടതാണ് കേരളത്തിൻ്റെ പാരമ്പര്യം.
 എല്ലാവരും പക്വമായ വാക്കുകൾ മാത്രം ഉപയോഗിക്കണം. വേദിയിലിരിക്കുമ്പോൾ പുരുഷാരത്തിൻ്റെ കൈയടി കിട്ടാൻ വേണ്ടി എന്തും വിളിച്ചു പറയുന്നത് അപകടകരമായ പ്രവണതയാണെന്നും സ്പീക്കർ പറഞ്ഞു.