പി ജെ ആന്റണി പുരസ്കാരം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിക്ക്

കൊച്ചി: ഈ വർഷത്തെ പി ജെ ആന്റണി പുരസ്കാരം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിക്ക്. പി ജെ ആന്റണി ഫൗണ്ടേഷനാണ് 30,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകുന്നത്. പി ജെ ആന്റണിയുടെ ചരമവാർഷിക ദിനമായ മാർച്ച് 14ന് പുരസ്കാരം സമ്മാനിക്കും. നടൻ, സംവിധായകൻ, ഗാനരചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിലും അറിയപ്പെടുന്ന കരിവെള്ളൂർ മുരളി സംഗീത നാടക അക്കാദമി സെക്രട്ടറിയാണ്.

ചെഗുവേര, അബൂബക്കറിന്റെ ഉമ്മ പറയുന്നു, കുരുതിപ്പാടം, അഗ്രയാനം തുടങ്ങി അറുപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. 25 വർഷം തുടർച്ചയായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാ ജാഥകളിലെ നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഡോ. ചന്ദ്രദാസൻ, ജോൺ ഫെർണാണ്ടസ്, സഹീർ അലി എന്നിവരടങ്ങിയ പുരസ്കാരസമിതിയാണ് അവാർഡ് നിർണയിച്ചത്.

