കാലിക്കറ്റ് സർവകലാശാലയിൽ പി ജി പ്രവേശനം; എൻട്രൻസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
.
കാലിക്കറ്റ് സർവകലാശാലയിൽ വിവിധ പിജി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2026-27 അധ്യയന വർഷത്തെ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്കും സെന്ററുകളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷ സമർപ്പിക്കേണ്ടത്. സർവകലാശാലാ സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റ് (സിയുസിഇടി) മുഖേന പി ജി കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വിവിധ പിജി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾക്ക് പുറമെ സർവകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു.(ഡിസാസ്റ്റർ മാനേജ്മെന്റ്), എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എംഎസ്സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി എന്നീ കോഴ്സുകളിലേക്കും ഈ എൻട്രൻസ് വഴിയാണ് പ്രവേശനം നടത്തുക.

പിജി/ബിപിഎഡ് പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ അല്ലെങ്കിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു പരീക്ഷ എഴുതിയവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയും. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.




