KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിലെ തീപിടിത്തത്തിൽ ദുരൂഹത, സമഗ്ര അന്വേഷണം വേണം: വ്യാപാരി വ്യവസായി സമിതി

പേരാമ്പ്രയിലെ തീപിടിത്തത്തിൽ ദുരൂഹത, സമഗ്ര അന്വേഷണം വേണം: വ്യാപാരി വ്യവസായി സമിതി. മാലിന്യ സംഭരണ കേന്ദ്രത്തിലും ബാദുഷ കടയിലും തീപ്പിടിത്തമുണ്ടായതിൽ ഗൂഢനീക്കം നടന്നുവെന്ന് സംശയമുണ്ടെന്നും ദുരൂഹതയകറ്റാൻ സമഗ്ര അന്വേഷണം നടത്തണമെന്നും വ്യാപാരി വ്യവസായി സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മഴക്കാലത്ത് ഈർപ്പമുള്ള സമയത്ത് എം.സി.എഫിലെ മാലിന്യത്തിൽ മൂന്നിടത്തു നിന്ന് ഒരേ സമയം തീ കത്തിത്തുടങ്ങിയെന്നാണ് പറയുന്നത്. അതെങ്ങനെയുണ്ടായെന്ന് പോലീസ് ജാഗ്രതയോടെ അന്വേഷിക്കണം. കടക്കാരെല്ലാം കടയടച്ച് വീട്ടിലേക്ക് മടങ്ങിയശേഷം 11 മണിക്കാണ് തീപ്പിടിത്തമുണ്ടായത്. ഇത് സംശയം വർധിപ്പിക്കുന്ന ഘടകമാണ്.

നഗരമധ്യത്തിലെ കടകൾക്ക് നടുവിലാണ് എം.സി.എഫ് സ്ഥിതിചെയ്യുന്നത്. നിലവിലുള്ള സ്ഥലത്ത് സുരക്ഷിതത്വം വർധിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉയരത്തിൽ നെറ്റടക്കം കെട്ടി പെട്ടെന്ന് ഒരാൾക്ക് കടന്നു കയറാമെന്നുള്ള സ്ഥിതി തടയണം.

Advertisements
ചേർമലയിൽ പഞ്ചായത്ത് സ്ഥലം വാങ്ങി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാൻ മുമ്പ് ശ്രമിച്ചപ്പോൾ തടയുന്ന സ്ഥിതിയുണ്ടായതിനാലാണ് കേന്ദ്രം ഇവിടേക്കെത്തിയത്. അനുയോജ്യമായ സ്ഥലത്തേക്ക് കേന്ദ്രം മാറ്റാനുള്ള നടപടിയും സ്വീകരിക്കണം. തീപ്പിടിത്തത്തിൽ നഷ്ടമുണ്ടായവർക്ക് ധനസഹായം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.