KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിലെ തീപിടിത്തം: അന്വേഷണം തുടങ്ങി

പേരാമ്പ്രയിലെ തീപിടിത്തം. അന്വേഷണം തുടങ്ങി. പേരാമ്പ്ര ടൗണിലെ വ്യാപാര കേന്ദ്രമായ ബാദുഷ മെറ്റൽസിലും പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച്‌ സൂക്ഷിക്കുന്ന എംസിഎഫ് കേന്ദ്രത്തിലുമുണ്ടായ തീപിടിത്തത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എംസിഎഫ് കേന്ദ്രത്തിലെ തീപിടിത്തം അട്ടിമറിമൂലമാണെന്ന പഞ്ചായത്തിന്റെ പരാതിയിലാണ് അന്വേഷണം. ഫോറൻസിക് വിഭാഗവും അഗ്‌നിരക്ഷാസേനയും തീപിടിത്തമുണ്ടായ സ്ഥലങ്ങളിലെത്തി തെളിവെടുത്തു.
എംസിഎഫ് കേന്ദ്രത്തിലെ തീപിടിത്തത്തിൽ നാല് ലോഡ് പ്ലാസ്റ്റിക് പാഴ് വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യം കെട്ടുകളാക്കാനുപയോഗിക്കുന്ന ബെയിലിങ് മെഷീനും കെട്ടിടവുമാണ്‌ നശിച്ചത്‌.  അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാദുഷ മെറ്റൽസിൽ സ്റ്റീൽ, ചെമ്പ്‌, ഓട്ടുപാത്രങ്ങളും മിക്സി, ഫ്ലാസ്ക് തുടങ്ങിയ വസ്തുക്കളും കത്തിനശിച്ചു. അഗ്‌നിരക്ഷാസേന വെള്ളം ചീറ്റിയത് കാരണം തൊടുത്ത ബാദുഷ ട്രേഡേഴ്സ് ചലചരക്ക് കടയിലെ സാധനങ്ങളും നശിച്ചു.  ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Advertisements
ചൊവ്വ രാത്രി പതിനൊന്നോടെയായിരുന്നു തീപിടിത്തം. പേരാമ്പ്ര, കൊയിലാണ്ടി, വടകര, നാദാപുരം, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ  13  യൂണിറ്റ്‌ മണിക്കൂറുകൾ ശ്രമിച്ചാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്. അട്ടിമറിസാഹചര്യം കണക്കിലെടുത്ത്  പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്‌. പേരാമ്പ്ര എസ്എച്ച്ഒ ബിനു തോമസിനാണ്‌ അന്വേഷണച്ചുമതല.