പേരാമ്പ്ര സികെജി സ്മാരക ഗവ. കോളജ് 50ന്റെ നിറവിൽ

പേരാമ്പ്ര സികെജി സ്മാരക ഗവ. കോളജ് 50ന്റെ നിറവിൽ. സുവർണ ജൂബിലി ആഘോഷങ്ങൾ വ്യാഴാഴ്ച പകൽ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. 1975ൽ പേരാമ്പ്ര ഹൈസ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് രണ്ടു പ്രീഡിഗ്രി ബാച്ചുകളോടെ കോളജ് പ്രവർത്തനമാരംഭിച്ചത്. 1987ൽ മുഖ്യമന്ത്രി ഇ കെ നായനാർ കോളജിനായി കല്ലോട് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

ബിരുദ, ബിരുദാനന്തര കോഴ്സുകളിലായി 1045 വിദ്യാർത്ഥികളാണിപ്പോൾ പഠിക്കുന്നത്. വിവിധ പഠന വകുപ്പുകളിലായി 43 അധ്യാപകരുമുണ്ട്. 2006ലും 2016ലും നാക് അക്രഡിറ്റേഷൻ ലഭിച്ചു. നിലവിൽ നാക് ബി പ്ലസ് അംഗീകാരമുള്ള കോളേജ് നാക്കിന്റെ മൂന്നാം ഘട്ട റീ അക്രഡിറ്റേഷന്റെ അവസാന ഘട്ടത്തിലാണ്. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഗസ്‌ത് വരെ സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ സെമിനാർ, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ്, അമച്വർ നാടകോത്സവം, സികെജി ഫെസ്റ്റ്, ലിറ്ററേച്ചർ ഫെസ്റ്റ്, പ്രൊഫഷണൽ വോളിബോൾ മേള, കോളേജ് വികസന സെമിനാർ, പൂർവവിദ്യാർഥി സംഗമം, സന്നദ്ധ പ്രവർത്തനങ്ങൾ, പഠന ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.


സംഘാടകസമിതി ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു, പ്രിൻസിപ്പൽ ഡോ. കെ ലിയ, പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് അഡ്വ. കെ കെ രാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. കെ പി പ്രിയദർശൻ, ഡോ. എൻ എം പ്രദീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

