KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു

വടക്കഞ്ചേരി: കർഷകരെ ആശങ്കയിലാഴ്‌ത്തി കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. കൂട്ടമായി എത്തുന്ന പന്നികൾ വ്യാപകമായി വിള നശിപ്പിക്കുന്നതിനാൽ പലരും കൃഷി മതിയാക്കി. ആദ്യമൊക്കെ മലയോര മേഖലയിൽ മാത്രമാണ് ആക്രമണം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നാട്ടിൻപുറങ്ങളിലേക്കും വ്യാപിക്കുന്നു. കാട്ടുപന്നികളെ തുരത്തി കൃഷിയെ സംരക്ഷിക്കുന്നതിനിടയിൽ കർഷകരുടെ ജീവൻ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്‌.
കഴിഞ്ഞ ജൂലൈയിൽ കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിത ഓട്ടോ ഡ്രൈവർ കിഴക്കഞ്ചേരി വക്കാല വിജിഷ സോണി മരിച്ചു. ഇതേ സ്ഥലത്ത് 2022 ആഗസ്‌തിൽ കാട്ടുപന്നി ബൈക്കിലിടിച്ച് പറശേരിയിലെ വേലായുധൻ മരിച്ചിരുന്നു. കഴിഞ്ഞ മാർച്ച് ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂളിന് സമീപം കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർ അബ്ദുൾഹക്കീം മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മാർച്ചിൽ തന്നെ അഞ്ചുമൂർത്തിമംഗലം ദേശീയപാതയിൽ കാട്ടുപന്നി കാറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാട്ടുപന്നികളെ തുരത്താൻ ആവശ്യമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്‌ചയ്‌ക്കിടെ 4 മരണം
കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ നിന്ന്‌ ഷോക്കേറ്റ്‌ രണ്ടാഴ്‌ചയ്‌ക്കിടെ ജില്ലയിൽ മരിച്ചത്‌ നാലുപേർ. സെപ്‌തംബർ 23നാണ്‌ കാരാകുറുശി പുല്ലിശേരി സ്രാമ്പിക്കൽ ഹംസപ്പ ഷോക്കേറ്റ്‌ മരിച്ചത്‌. കൊടുമ്പ്‌ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പിൽ രണ്ട്‌ യുവാക്കൾ ഷോക്കേറ്റ്‌ മരിച്ചു. കൊട്ടേക്കാട് തെക്കേക്കുന്നം ഷിജിത്, പുതുശേരി കാളാണ്ടിത്തറ സതീഷ് എന്നിവരാണ് മരിച്ചത്.  തൊട്ടുപിന്നാലെ ഒക്ടോബർ നാലിന്‌ വണ്ടാഴിയിൽ ഗ്രേസിയുടെ ജീവൻ പൊലിഞ്ഞു.
ഒന്നര വർഷത്തിനിടെ ജില്ലയിൽ പന്നിക്കെണിയിൽ കുടുങ്ങി ഒമ്പത്‌ ജീവനാണ്‌ പൊലിഞ്ഞത്‌. 2022 മേയിലാണ്‌ മുട്ടിക്കുള്ളങ്ങര ക്യാമ്പിന്‌ സമീപത്തെ പാടത്ത്‌ മീൻ പിടിക്കാനിറങ്ങിയ എം അശോക്‌ കുമാർ, മോഹൻദാസ്‌ എന്നീ രണ്ട്‌ പൊലീസുകാർ മരിച്ചത്‌.
മലയോരം 
ഭീതിയിൽ
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ പേടിച്ച് മലയോരഗ്രാമങ്ങൾ. കഴിഞ്ഞയാഴ്ചയാണ് കാട്ടുപന്നിക്ക്‌ വച്ച കെണിയിൽനിന്ന് ഷോക്കേറ്റ്‌ കരാകുറുശിയിൽ ഒരാൾ മരിച്ചത്.  രണ്ടാഴ്‌ച മുമ്പാണ്‌ സ്കൂട്ടർ യാത്രക്കാരൻ പന്നിയാക്രമണത്തിൽ മരിച്ചത്. കരിമ്പ, കാരാകുറുശി, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, തെങ്കര, അലനല്ലൂർ, തച്ചനാട്ടുകര, കോട്ടോപ്പാടം പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലലാണ് പ്രതിരോധ മാർഗം.
എന്നാൽ പഞ്ചായത്ത്, വനം വകുപ്പ് അധികൃതർക്ക് അപേക്ഷ നൽകി അനുവാദം വാങ്ങി വരുമ്പോഴേക്കും പന്നികൾ കൃഷിയെല്ലാം നശിപ്പിച്ച് തൊട്ടടുത്ത മേഖലയിലേക്ക് കടന്നിട്ടുണ്ടാകും. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് നെല്ലായ പൊമ്പിലായ സ്വദേശി സൈനുദ്ദീൻ (47) മരിച്ചത്. ഒലിപ്പുഴ സംസ്ഥാനപാതയിൽ കോട്ടോപ്പാടം ആര്യമ്പാവ് റോഡ് ജങ്‌ഷന്‌ സമീപമായിരുന്നു അപകടം. മാർച്ച് 20ന് കാട്ടുപന്നി സ്‌കൂട്ടറിന്‌ മുന്നിൽച്ചാടി ടാപ്പിങ്‌ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ചങ്ങിലീരിയിലെ ജോയിക്കാണ് പരിക്കേറ്റത്.

 

Share news