KOYILANDY DIARY

The Perfect News Portal

മരണം 1100 കവിഞ്ഞു; ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക

വാഷിങ്‌ടൺ: മരണം 1100 കവിഞ്ഞു. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്‌ സൈനിക സഹായവുമായി അമേരിക്ക. യുദ്ധ കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയച്ചെന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിൻ പറഞ്ഞു. ഇസ്രയേലിന്‌ അമേരിക്ക യുദ്ധോപകരണങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുദ്ധത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1100 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ 20 കുട്ടികളും ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസം ഹമാസ്‌ ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനോട്‌ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് നീങ്ങാൻ ഉത്തരവിട്ടതായി ഓസ്റ്റിൻ പ്രസ്‌താവനയിൽ പറഞ്ഞു. സേനയിൽ കാരിയർ, ഒരു ഗൈഡഡ് മിസൈൽ ക്രൂയിസർ, നാല് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ എന്നിവ ഇസ്രയേലിന്‌ കൈമാറുന്നവയിൽ ഉൾപ്പെടുന്നു.

 

ഇസ്രയേലിൽ അപ്രതീക്ഷിതമായി കടന്നാക്രമിച്ചെത്തിയ ഹമാസ്‌ സായുധസംഘങ്ങളുമായി പലയിടത്തും സൈന്യം ഏറ്റുമുട്ടൽ തുടരുന്നു. നിരവധി ഹമാസുകാർ കൊല്ലപ്പെട്ടെങ്കിലും ദക്ഷിണ ഇസ്രയേലിലെ കെബട്‌സ്‌ മേഗൻ അടക്കമുള്ള പുതിയ മേഖലകളിലേക്ക്‌ സായുധസംഘം കടന്നുകയറി. ആയുധങ്ങളും കൂടുതൽ ആളുകളുമായി അവർ പുനഃസംഘടിച്ചെന്നാണ്‌ റിപ്പോർട്ട്‌. 100 സൈനികരടക്കം 698 ഇസ്രയേലുകാർ കൊല്ലപ്പെട്ടു. 2170 പേർക്ക് പരിക്കേറ്റു. സൈനികരടക്കം ബന്ദികളായ നൂറിലധികം ഇസ്രയേലുകാരെക്കുറിച്ച്‌ വ്യക്തമായ വിവരമില്ല. ഗാസ അതിർത്തിയിലെ കഫർ ആസ അടക്കം എട്ട് കേന്ദ്രത്തിൽ ഹമാസുമായി പോരാട്ടം തുടരുകയാണെന്ന്‌ പ്രതിരോധ സേനാ വക്താവ് പറഞ്ഞു.

Advertisements

 

അതിനിടെ ലബനൻ അതിർത്തിയിൽനിന്ന്‌ ഭീകര സംഘടന ഹെസ്‌ബുള്ള നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ മൂന്ന്‌ സൈനിക പോസ്‌റ്റുകൾ തകർന്നു. ഇസ്രയേൽ പ്രത്യാക്രമണം നടത്തി. വടക്കൻ അതിർത്തിയിലെ തർക്കമേഖലയായ ഷീബ ഫാംസ് മേഖലയിലാണ്‌ ഏറ്റുമുട്ടൽ. ഹമാസിന്‌ പിന്തുണയുമായി ഹെസ്‌ബുള്ളകൂടി രംഗത്തെത്തിയത്‌ ഇസ്രയേലിന്‌ കനത്തതിരിച്ചടിയായി.

 

 

ബന്ദികളായവരെ രക്ഷിക്കാൻ മധ്യസ്ഥശ്രമം നടത്താൻ ഈജിപ്‌റ്റുമായി ഇസ്രയേൽ ആശയവിനിമയം നടത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സുരക്ഷാ അവലോകന യോഗം ചേർന്നു. രാജ്യം യുദ്ധത്തിലാണെന്ന്‌ സുരക്ഷാക്യാബിനറ്റ്‌ പ്രഖ്യാപിച്ചു.  യുദ്ധം അവസാനിപ്പിക്കുന്നതിന് ഈജിപ്‌ത് സൗദി അറേബ്യയോടും ജോർദാനോടും ചർച്ച നടത്തി. ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സി ഹമാസ്‌ നേതാക്കളുമായി ചർച്ച നടത്തി.