പാലക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
പാലക്കാട്: പാലക്കാട് വട്ടമലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാർ (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയേയും മകനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം. ചികിത്സയുടെ ആവശ്യങ്ങൾക്കായി കരുവാരക്കുണ്ടിലേക്ക് വരികയായിരുന്നു വിജയകുമാറും കുടുംബവും. വിജയകുമാറാണ് വാഹനം ഓടിച്ചിരുന്നത്.

വട്ടമല ഇറക്കത്തിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോ 15 അടിയോളം താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. തല കീഴായി മറിഞ്ഞ ഓട്ടോ പൂർണമായി തകർന്നു. വിജയകുമാർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഭാര്യ രാജലക്ഷ്മി, മകൻ അമൃതാനന്ദൻ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.




