KOYILANDY DIARY.COM

The Perfect News Portal

പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും ഇന്ത്യ അവസാനിപ്പിച്ചേക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചേക്കും. സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയുടെ ബന്ധം ഇന്ത്യന്‍ ഏജന്‍സികള്‍ ഉറപ്പിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബയുമായിട്ടുള്ള ബന്ധം ആണ് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ് റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണം നടന്ന പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

 

ആറംഗ സംഘം ആണ് ഭീകരാക്രമണം നടത്തിയത്. ഇതിൽ രണ്ടുപേർ പാകിസ്ഥാനിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവർ ആണ്. രണ്ട് സംഘമായി തിരിഞ്ഞ് എകെ 47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കാക്കി വസ്ത്രം ധരിച്ചാണ് ഭീകരർ എത്തിയത്. പ്രദേശത്ത് നിന്ന് സംശയാസ്പദമായി ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

Advertisements
Share news