KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ശാസ്ത്രോത്സവത്തിൽ മലപ്പുറത്തിന് ഓവറോൾ

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രോത്സവത്തിൽ മലപ്പുറത്തിന് ഓവറോൾ. നാലുദിവസം നീണ്ട ശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര, ഗണിതശാസ്‌ത്ര, ഐടി, പ്രവൃത്തിപരിചയ മേളയിൽ 1442 പോയിന്റാണ് മലപ്പുറം ജില്ലയ്ക്ക്. രണ്ടാംദിനം മുതൽ തുടർന്ന മേൽകൈ അവസാനം ദിവസംവരെ മലപ്പുറം നിലനിർത്തി. കഴിഞ്ഞ വർഷം ഓവറോൾ നേടിയ പാലക്കാടിനെ പിന്തള്ളിയാണ്‌ മലപ്പുറത്തിന്റെ നേട്ടം.

180 മത്സരങ്ങൾ അവസാനിച്ചപ്പോൾ 26 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 13 രണ്ടാം സ്ഥാനവും 15 മൂന്നാം സ്ഥാനവും 245 എ ഗ്രേഡ്, 11 ബി ഗ്രേഡുകളുമാണ് മലപ്പുറത്തിന്‌ ലഭിച്ചത്‌. 1350 പോയിന്റുമായി പാലക്കാടാണ്‌ രണ്ടാം സ്ഥാനത്ത്. 1333 പോയിന്റുനേടിയ കണ്ണൂരും 1332 പോയിന്റുമായി കോഴിക്കോടും 1322 പോയിന്റുമായി തൃശൂരും മൂന്നും നാലും അഞ്ചും സ്ഥാനം നേടി.

 

142 പോയിന്റുമായി കാസർകോട് കാഞ്ഞങ്ങാട്‌ ദുർഗ എച്ച്എസ്എസ്‌ മികച്ച സ്‌കൂളായി. 138 പോയിന്റുനേടിയ ഇടുക്കി കൂമ്പനപ്പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ്‌ രണ്ടാം സ്ഥാനവും 134 പോയിന്റുമായി തൃശൂർ പാണങ്ങാട് എച്ച്എസ്എസ്‌ മൂന്നാം സ്ഥാനവും നേടി. സ്‌പെഷ്യൽ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കേൾവി പരിമിതരുടെ വിഭാഗത്തിൽ എറണാകുളം മാണിക്കമംഗലം സെന്റ്‌ ക്ലയർ ഓറൽ സ്‌കൂൾ ഫോർ ദ ഡെഫാണ്‌ ഒന്നാമതെത്തിയത്‌.

Advertisements

 

കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്‌ സ്‌കൂൾ ഫോർ ദ ഡെഫ് രണ്ടും മലപ്പുറം വാഴക്കാട്‌ കാരുണ്യ ഭവൻ സ്‌കൂൾ ഫോർ ദ ഡെഫ്‌ മൂന്നാം സ്ഥാനവും നേടി. കാഴ്‌ച പരിമിതരുടെ വിഭാഗത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി അസീസി സ്‌കൂൾ ഫോർ ദ ബ്ലൈൻഡ്‌ ഒന്നാം സ്ഥാനത്തെത്തി. കോഴിക്കോട്‌ റഹ്മാനിയ വിഎച്ച്‌എസ്‌എസ്‌ ഫോർ ഹാൻഡികാപ്ഡ്‌ രണ്ടും പാലക്കാട്‌ കോട്ടപ്പുറം എച്ച്‌കെസിഎംഎം ബ്ലൈൻഡ്‌ സ്കൂൾ മൂന്നാം സ്ഥാനവും നേടി.

 

അടുത്ത വർഷം 
ശാസ്‌ത്രോത്സവത്തിനും സ്വർണ ട്രോഫി
അടുത്ത വർഷംമുതൽ കേരള സ്കൂൾ ശാസ്‌ത്രോത്സവത്തിനും തങ്കത്തിളക്കം. സംസ്ഥാന കലോത്സവത്തിന്‌ സമാനമായി ശാസ്‌ത്രോത്സവത്തിൽ  ഓവറോൾ സ്വന്തമാക്കുന്ന ജില്ലയ്ക്ക് സ്വർണ ട്രോഫി നൽകുമെന്നും ഇക്കാര്യത്തിൽ സജീവചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നാലുദിവസം നീണ്ട ശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര, ഗണിതശാസ്‌ത്ര, ഐടി, പ്രവൃത്തിപരിചയ മേളയുടെ സമാപനസമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലാണ്‌ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്‌.

വിവിധ തലങ്ങളിലായി 1–0 ലക്ഷം കുട്ടികളാണ്‌ മേളയുടെ ഭാഗമാകുന്നത്‌. ശാസ്‌ത്ര, ചരിത്ര സത്യങ്ങൾ മറച്ചുവച്ച്‌ അനാചാരങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത്‌ ശാസ്‌ത്രമേളയുടെ പ്രാധാന്യം കൂടുതൽ വർധിക്കുകയാണ്‌. വിജയികളായ കുട്ടികളെയും സ്കൂളുകളെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു.

Share news