KOYILANDY DIARY.COM

The Perfect News Portal

ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ; ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെഎസ്ഇബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക.

ഡിസംബർ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 2023 നവംബർ 30 വരെ പണമടച്ചവരിൽ നിന്നും ഡിസംബർ ആദ്യ വാരത്തിലും ഡിസംബർ മാസത്തിൽ പണമടച്ചവരിൽ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാർഹരെ കണ്ടെത്തും.

 

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി പരമാവധി തുക ശേഖരിച്ച കെ.എസ്.ഇ.ബി സെക്ഷൻ, സർക്കിൾ, എസ്.ഒ.ആർ ഓഫീസുകൾക്കായി പ്രത്യേക ഇൻസൻ്റീവ് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള വൈദ്യുതി ബില്‍ കുടിശ്ശിക വമ്പിച്ച പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാർഗ്ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം.

Advertisements

 

15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് 4% അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 5% രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് 6% എന്നിങ്ങനെയാണ് പലിശനിരക്ക്. പലിശ തുക 6 തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.

Share news