KOYILANDY DIARY

The Perfect News Portal

കൊച്ചിയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു

കൊച്ചിയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാത്രിയില്‍ രക്തം തേടുന്ന ക്യൂലക്സ് കൊതുകുകള്‍ പരത്തുന്നതാണ് വെസ്റ്റ് നൈല്‍ പനി. കിടപ്പുരോഗിയായ ഇദ്ദേഹത്തെ പനി ബാധിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാല്‍ രോഗം തീവ്രമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

എറണാകുളത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ മൂലം ആദ്യത്തെ മരണമാണ്. ഏപ്രിലിലും എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തലവേദന, പനി, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും സാധാരണ പനി പോലെ കടന്നുപോകാമെങ്കിലും, ചിലരില്‍ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞവര്‍ഷം മെയില്‍ തിരുവനന്തപുരത്തും തൃശൂരും വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് ആളുകള്‍ മരിച്ചിരുന്നു.