താനൂർ തൂവൽതീരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
താനൂർ: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. ആൽബസാർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റിസ്‌വാൻ (20) ആണ് മരിച്ചത്. അപകടസമയത്ത് മൂന്നുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതിനു ശേഷമാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ തിരമാലയിൽ തട്ടി ഫൈബർ വള്ളം മറിഞ്ഞാണ് അപകടം.

ഒപ്പം വള്ളത്തിലുണ്ടായിരുന്ന കുഞ്ഞിമോൻ, മജീദ് എന്നിവരെ മറ്റു തൊഴിലാളികൾ രക്ഷപ്പെടുത്തി. സീ റെസ്ക്യൂ, ലൈഫ് ഗാർഡ്, മത്സ്യതൊഴിലാളികൾ, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തെരച്ചില്‍ നടത്തിയാണ് റിസ്‌വാനെ കണ്ടെത്തിയത്. ഉടൻതന്നെ താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിലിലേക്ക് മാറ്റി.




