KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപാ വൈറസ് സ്ഥരീകരിച്ചു.

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപാ വൈറസ് സ്ഥരീകരിച്ചു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിപാ ബാധിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ച രണ്ടുപേർക്കു പുറമെ ഒമ്പത്‌ വയസ്സുള്ള കുഞ്ഞിനും യുവാവിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒമ്പത്‌ വയസ്സുള്ള കുഞ്ഞ്‌ വെന്റിലേറ്ററിൽ തുടരുകയാണ്‌. യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്‌.

മരിച്ചയാളെ ചികിത്സിച്ച 10 ആരോഗ്യ പ്രവർത്തകരിൽ രോഗ ലക്ഷണമുണ്ടായ രണ്ട് പേരുടെ സ്രവസാമ്പിൾ ബുധനാഴ്ച പുലർച്ചെയാണ്‌ പരിശോധനയ്‌ക്കയച്ചത്‌. ഇതിനുപുറമെ 11 പേരുടെ ഫലംകൂടി വരാനുണ്ട്‌. മരിച്ച മരുതോങ്കര സ്വദേശിയുമായി അടുത്ത സമ്പർക്കമുള്ള മൂന്നുപേരും ഇതിൽപ്പെടും. രോഗ ലക്ഷണമുള്ള ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്‌. മരിച്ചവരുടെയും  രോഗികളുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 789  ആയി. ഇവരെല്ലാം  സമ്പർക്കവിലക്കിലാണ്‌. മരണമടഞ്ഞ രണ്ടുപേരുടെ റൂട്ട്‌ മാപ്പ്‌ പുറത്തുവിട്ടു.  

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡിൽ  മരുതോങ്കര, ആയഞ്ചേരി മേഖലകളിൽ നിന്നുള്ള 13 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്‌. നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്‌. രോഗം സ്ഥിരീകരിച്ചവരുമായോ മരിച്ചവരുമായോ ഇവർ ഇടപഴകിയിട്ടില്ല. ഇവർ ഉൾപ്പെടെ 20പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്‌.  ഐസിഎംആറിന്റെ ചെന്നൈയിലുള്ള എപ്പിഡമോളജി സംഘം ജില്ലയിലെത്തി. കേന്ദ്ര സംഘവും മൊബൈൽ പരിശോധന സംവിധാനം ക്രമീകരിക്കുന്നതിനുള്ള പുണെ എൻഐവി സംഘവും വ്യാഴാഴ്‌ച എത്തും.

Advertisements