മലപ്പുറത്ത് രാസലഹരിയും കഞ്ചാവുമായി ഒരാൾ പിടിയിൽ

വേങ്ങര: മലപ്പുറത്ത് രാസലഹരിയും കഞ്ചാവുമായി ഒരാൾ പിടിയിൽ. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷിബിൻ (39) ആണ് പിടിയിലായത്. ഇയാൾ കൈവശംവെച്ച 5.49 ഗ്രാം മെത്താംഫിറ്റമിൻ, 12.15 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റീ നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് രാസലഹരിയും കഞ്ചാവും പിടിച്ചെടുത്തത്.

കൊണ്ടോട്ടി ചുങ്കം ദേശത്ത്, കരണക്കണ്ടി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള അൽദാർ റസിഡൻസി എന്ന കെട്ടിടത്തിലേക്കുള്ള ഇരുമ്പ് ഗേറ്റിന് സമീപത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും പാർട്ടിയും നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളുമായി ഇയാൾ പിടിയിലാകുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ അബ്ദുൽ വഹാബ്, കെ ആസിഫ് ഇഖ്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എ അലക്സ്, കെ വിനീത്, കെ സബീർ, എം മുഹമ്മദ് മുസ്തഫ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ പി ധന്യ, മലപ്പുറം എക്സൈസ് ഡിവിഷൻ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ മുഹമ്മദാലി, സിവിൽ എക്സൈസ് ഓഫീസർ കെ ഷംസുദ്ദീൻ എന്നിവരും ഉണ്ടായിരുന്നു.

