KOYILANDY DIARY.COM

The Perfect News Portal

ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടാൻ റവന്യൂ സെക്രട്ടറി മുമ്പാകെ ഹാജരാകാൻ പിടിഎ പ്രസിഡണ്ടിന് നോട്ടീസ്

കൊയിലാണ്ടി: ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ. ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യമായ രേഖകളുമായി ഹാജരാകാൻ പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ നോട്ടീസ്. ഈ മാസം 18ന് സെക്രട്ടറിയേറ്റിൽ റവന്യൂ അണ്ടർ സെക്രട്ടറിയുടെ മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് ലഭിച്ചത്.

3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് സ്വന്തമായിരുന്ന മൈതാനം സ്പോർട്സ് കൗൺസിൽ റവന്യൂ വകുപ്പിനോട് പാട്ടത്തിന് വാങ്ങി സ്റ്റേഡിയം പണിയുകയും, കടമുറികൾ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. വിദ്യാർത്ഥികൾക്ക് കായിക പരിശീലനത്തിനും മറ്റും സ്പോർട്സ് കൗൺസിലിലോട് അനുമതി വാങ്ങേണ്ട സ്ഥിതിയാണ്.

പി.ടി.എ.യുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുകയും, ഹൈക്കോടതിയിൽ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ്സിൻ്റെ ഭാഗമായി നേരത്തെ കോഴിക്കോട് കലക്ടറേറ്റിൽ പി.ടി.എ.രേഖകൾ സഹിതം ഹാജരായിരുന്നു. ഇതിൻ്റെ ഭാഗമായാണ് റവന്യൂ അണ്ടർ സെക്രട്ടറി മുൻപാകെ ഹാജരാകാൻ പി.ടി.എ പ്രസിഡണ്ടിന് നോട്ടീസ് നൽകിയത്. നഗരസഭയ്ക്കും, സ്പോർട്സ് കൗൺസിലിനും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Advertisements
Share news