അതിവേഗ റെയിലും എയിംസും ഇല്ല: കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചു
കേരളത്തോട് കടുത്ത അവഗണനയും വിവേചനവുമാണ് ബജറ്റിൽ കേന്ദ്രം കാണിച്ചതെന്ന് മന്ത്രി പി. രാജീവ്. ഏഴ് പുതിയ റെയിൽവേ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും അതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. കേരളം മുൻകൈയെടുത്ത് സമർപ്പിച്ച അതിവേഗ റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ലെന്ന് മാത്രമല്ല, കേന്ദ്രം നേരിട്ട് നടപ്പിലാക്കുന്ന പുതിയ പദ്ധതികളിൽ നിന്നും കേരളത്തെ പൂർണ്ണമായും ഒഴിവാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതിവേഗ റെയിലിന് പുറമേ എയിംസിലും കൈമലർത്തി. കേന്ദ്ര നിർദ്ദേശപ്രകാരം കിനാലൂരിൽ സ്ഥലം ഏറ്റെടുത്ത് ആരോഗ്യവകുപ്പിന് കൈമാറിയിട്ടും ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിച്ചില്ല.

അർഹമായ നികുതി വിഹിതവും നൽകിയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതത്തിൽ അർഹമായ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്രം തയ്യാറായില്ല. കൂടാതെ, ധാതുക്കളുടെ ലേലം കേന്ദ്രം നേരിട്ട് നടത്തുന്നതിനായി കൊണ്ടുവരുന്ന ഭേദഗതികൾ സംസ്ഥാനത്തിന്റെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും മന്ത്രി ആരോപിച്ചു. ഒറ്റനോട്ടത്തിൽ കേരളത്തിന്‍റെ വികസന ആവശ്യങ്ങളെ പൂർണ്ണമായും നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റിൽ ഉണ്ടായിട്ടുള്ളതെന്ന് പി രാജീവ് വ്യക്തമാക്കി.




