എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഈ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവച്ചു. ഹർജി തള്ളിയതിൽ നിരാശയെന്ന് നവീൻ്റെ കുടുംബം പ്രതികരിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി സിബിഐ അന്വേഷണത്തിന് നിർദ്ദേശിക്കണം എന്നതായിരുന്നു അപ്പീൽ ഹർജിയിലെ ആവശ്യം. എന്നാൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് അപ്പീൽ ഹർജി തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും, പ്രതി ഭരണ സ്വാധീനമുള്ള ആളായതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം.

എന്നാൽ സിബിഐ അന്വേഷണം അനിവാര്യമല്ലെന്നും അനിവാര്യമാകുന്ന ഒരു പിഴവും അന്വേഷണത്തിൽ ഹർജിക്കാരിക്ക് ചൂണ്ടിക്കാണിക്കാൻ ആയിട്ടില്ലന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ആത്മഹത്യയല്ല കൊലപാതകം ആണെന്ന് സംശയം ഉണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ മറ്റൊരു വാദം. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ പോരായ്മയുണ്ടെന്നും ഹർജിക്കാരി വാദിച്ചു. ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നില്ല പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതെന്നും ഇത് പ്രതിയെ സംരക്ഷിക്കാനാണ് എന്നുമായിരുന്നു മറ്റൊരു വാദം ഇതും കോടതി അംഗീകരിച്ചില്ല.

പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്ന സർക്കാർ വാദം അംഗീകരിച്ച്, ഭാര്യ മഞ്ജുഷ സമർപ്പിച്ച അപ്പീൽ ഹർജി കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

