നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നിലമ്പൂര്‍ തഹസില്‍ദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എ വിജയരാഘവനും പി കെ സൈനബയ്ക്കുമൊപ്പം പ്രകടനവുമായി വന്നാണ് പത്രിക സമര്‍പ്പിച്ചത്. നാടിന്റെ വികസനത്തിനുള്ള നടപടികള്‍ ആരു സ്വീകരിച്ചാലും ജനം അവര്‍ക്കൊപ്പമാണ്. വികസനത്തിനൊപ്പമാണ് എല്‍ഡിഎഫ്. അതിനാല്‍ വിജയപ്രതീക്ഷയിലാണെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പുതിയ രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിരിക്കുകയാണ് പി വി അന്‍വര്‍. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മത്സരിക്കുക.

എം സ്വരാജിന്റെ വാക്കുകള്‍:

നിലമ്പൂരില്‍ ഉച്ചയ്ക്ക് ശേഷം പര്യടനം തുടരും. അപരന്മാരെ ആശ്രയിക്കില്ലെന്ന് വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുന്ന സമീപനമുണ്ടാകില്ല. മത്സരത്തില്‍ എത്ര കോണുണ്ടാകുമെന്ന് വരാനിരിക്കുന്ന ദിവസങ്ങളില്‍ അറിയാം. ജനാധിപത്യം ശക്തിപ്പെടുക കൂടുതല്‍ പേര്‍ മത്സരിക്കുമ്പോഴാണ്. ആരും മത്സരിക്കരുതെന്ന് പറയാന്‍ നമുക്ക് അവകാശമില്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്സരിക്കട്ടെ, അപ്പോള്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകും. ജനങ്ങള്‍ അത് വിലയിരുത്തി വിധിയെഴുതട്ടെ.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ അഭിമാനകരം. ആര്‍ത്തിരമ്പി വന്ന ജനസാഗരം വലിയ ആവേശമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉണ്ടാക്കിയത്. കേരളത്തില്‍ എല്‍ഡിഎഫ് ഭരണം തുടരണം എന്നാഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുവായി നന്മയുള്ള നിലപാടുകളെ ജനങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. നാടിന്റെ വികസനത്തിന് ജനങ്ങളുടെ ക്ഷേമത്തിന് ഉതുകുന്ന നടപടികള്‍ ആര് സ്വീകരിച്ചാലും അത് നല്ലതെന്ന് പറയുന്ന ജനത്തിന്റെ പിന്തുണ എല്‍ഡിഎഫിനുണ്ട്. അത് എല്‍ഡിഎഫ് വിജയത്തിന് തിളക്കമുണ്ടാക്കും. അതിനാല്‍ വിജയത്തിന് ഒരു സ്ഥാനാര്‍ത്ഥിയും തടസമല്ല.
