KOYILANDY DIARY

The Perfect News Portal

നിദാ ഫാത്തിമയുടെ മരണം, അടിയന്തര അന്വേഷണം നടത്തണമെന്ന് എ. എം. ആരിഫ് എം.പി.

നിദാ ഫാത്തിമയുടെ മരണം, അടിയന്തര അന്വേഷണം നടത്തണമെന്ന് എ. എം. ആരിഫ് എം.പി.  മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിൾ പോളോ താരം നിദാ ഫാത്തിമ മരിച്ച സംഭവം പാർലമെൻ്റിൽ ഉന്നയിച്ച് എ.എം. ആരിഫ് എം.പി. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.

വിവിധ സ്‌പോർട്‌സ് അസോസിയേഷനുകളുടെ കിടമത്സരമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും, കേരളത്തിൻ്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്നും, മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും എ. എം. ആരിഫ് എം.പി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിണ്ടേയ്‌ക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാൻ ഫെഡറേഷൻ തയ്യാറാകാതിരുന്നതിൽ എം.പി പ്രതിഷേധിച്ചു.

നിദാ ഫാത്തിമയുടെ മരണം അഭിഭാഷകർ ഹൈക്കോടതിയിൽ അവതരിപ്പിച്ചു. കോടതി ഉത്തരവോടെ എത്തിയിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് അഭിഭാഷകർ അറിയിച്ചു. കോടതയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി അഭിഭാഷകർക്ക് അനുമതി നൽകി. സൈക്കിൾ പോളോ താരങ്ങൾ ദുരിതം അനുഭവിച്ചെന്ന് അഭിഭാഷകർ അറിയിച്ചു. ഹർജി ഉച്ചക്ക് ജസ്റ്റിസ് വിജി അരുൺ പരിഗണിക്കും.

Advertisements

നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമാകും. നിദാ ഫാത്തിമയുടെ അച്ഛൻ ഷിഹാബ് ഇന്നലെ രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.