പമ്പയിൽ പുതിയ നടപ്പന്തൽ പൂർത്തിയായി
ശബരിമല: പ്രളയത്തിൽ തകർന്ന നടപ്പന്തലിന് പകരം പമ്പയിൽ പുതിയ നടപ്പന്തൽ പൂർത്തിയായി. മൂന്ന് പുതിയ നടപ്പന്തലുകളാണ് ദേവസ്വം ബോർഡ് നിർമ്മിക്കുന്നത്. ആദ്യ നടപ്പന്തലിന്റെ നിർമ്മാണം പൂർത്തിയായി. 15 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലാണ് ഓരോ നടപ്പന്തലും. 11.62 ലക്ഷം രൂപ വീതം ചെലവ് വരും. പമ്പാ ത്രിവേണി ചെറിയ പാലത്തിനും ആറാട്ട് കടവിനും മധ്യേ മണപ്പുറത്താണ് നടപ്പന്തൽ നിർമ്മിക്കുന്നത്.

രണ്ടാം നടപ്പന്തലിന്റെ നിർമ്മാണം വെള്ളിയാഴ്‌ച പൂർത്തിയാകും. മേൽക്കൂര മറയ്‌ക്കുന്ന ജോലിയാണ് അവശേഷിക്കുന്നത്. മൂന്നാമത്തേതിന് തൂണുകൾ സ്ഥാപിച്ച് കഴിഞ്ഞു. ആറ് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർണമാകും. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നടപ്പന്തൽ നിർമ്മിക്കാൻ തീരുമാനമായത്. പമ്പയിൽ സർവീസ് റോഡിന്റെ ഓടയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.

കാനന പാതകൾ സജീവം
മണ്ഡലകാല തീർത്ഥാടനം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള കാനന പാതകളും സജീവമായി. നടതുറന്ന 17 മുതൽ ബുധനാഴ്ചവരെ 3,167 തീർത്ഥാടകരാണ് രണ്ട് കാനന പാതകളിലൂടെ ശബരിമലയിലെത്തി ദർശനം നടത്തിയത്. പുല്ലുമേടുവഴി 801 പേരും അഴുതക്കടവ് വഴി 2,366 പേരുമാണ് സന്നിധാനത്ത് എത്തിയത്. 17 മുതലാണ് വഴികൾ തീർഥാടകർക്കായി തുറന്നത്.

രാവിലെ ഏഴുമുതൽ പകൽ 2.30 വരെ മാത്രമേ തീർത്ഥാടകരെ കടത്തിവിടൂ. 12 കിലോമീറ്റർ പുല്ലുമേട് പാതയും 18 കിലോമീറ്റർ അഴുതക്കടവ് പാതയുമാണ് കാനന പാതകൾ. രാവിലെ ഏഴിന് പാത തുറക്കുന്നതിന് മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ പാതയിലൂടെ സഞ്ചരിക്കും. വന്യമൃഗസാന്നിധ്യം ഇല്ലെന്ന് ഉറപ്പിച്ചശേഷമെ തീർത്ഥാടകരെ കയറ്റിവിടൂ. ആദ്യസംഘം തീർത്ഥാടകരെ വനംവകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. അവസാന സംഘത്തിനും ഇത്തരത്തിൽ സുരക്ഷ ഒരുക്കും.

ഇരുപാതയിലും ഇക്കോ ഗാർഡുകളും ആനയെ ഓടിക്കാൻ പരിശീലനം ലഭിച്ച എലിഫന്റ് വാച്ചറും ഉണ്ട്. 150ൽ അധികം ഇക്കോ ഗാർഡുകളാണുള്ളത്. അഴുതക്കടവ്, കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, വള്ളിത്തോട്, പുതുശ്ശേരി, കരിമല ചെറിയാനവട്ടം, വലിയാനവട്ടം തുടങ്ങിയ താവളങ്ങളിൽ കിടക്കാനുള്ള വിരികളും മറ്റ് സൗകര്യങ്ങളുമുണ്ട്. വന്യമൃഗ സാന്നിധ്യമറിയാൻ നിരീക്ഷണ ക്യാമറകളുമുണ്ട്. കൂടുതലായി 75 ബീറ്റ് ഫോറസ്റ്റ് ഓഫീസർ ട്രെയിനികളെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
