KOYILANDY DIARY

The Perfect News Portal

പുതിയ നഴ്‌സിംഗ് കോളേജ്: കേരളത്തോടുള്ള കടുത്ത അവഗണന പ്രതിഷേധാര്‍ഹം- എ എ റഹീം എം പി

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിന് വേണ്ടി ഒന്നുപോലും അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍.  ലോകത്തെമ്പാടുമുള്ള ആതുരശുഷ്രൂഷ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള നഴസുമാരും ആരോഗ്യ വിദഗ്ധരും നല്‍കുന്ന സംഭാവന വളരെ വലുതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ 15700 പുതിയ നഴ്‌സിംഗ് സീറ്റുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ കേരളത്തെ പൂര്‍ണമായി ഒഴിവാക്കുന്നത് തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.


നിലവില്‍ 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായ് 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ഉത്തര്‍പ്രദേശില്‍ 27 ഉം രാജസ്ഥാനില്‍ 23 ഉം കര്‍ണാടകയില്‍ 4 ഉം തമിഴ്‌നാട്ടില്‍ 11 ഉം കോളേജുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഏറെയുള്ള സംസ്ഥാനമായ കേരളത്തോട് പൂര്‍ണമായ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. കേരളത്തിന്റെ എയിംസിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ ഈ തീരുമാനം.

ആതുരശുഷ്രൂഷ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി നില്‍ക്കുന്ന കേരളത്തിന് പ്രത്യേക പരിഗണന നല്‍കണം. കേരളത്തെ അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം പുന:പരിശോധിക്കണം. തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ നഴ്സിംഗ് മേഖലയില്‍ ഉള്‍പ്പെടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷിടിച്ചുകൊണ്ട് കേരളത്തിലടക്കമുള്ള ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നുവെന്നും റഹീം പറഞ്ഞു.