KOYILANDY DIARY

The Perfect News Portal

നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ കന്നിയാത്ര. ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് നവകേരള സദസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.

ആദ്യ നവകേരള സദസും മഞ്ചേശ്വരത്ത് നടക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ട്. ബസില്‍ പ്രത്യേകം തയ്യാറാക്കിയ ഒന്നാമത്തെ സീറ്റിലാണ് മുഖ്യമന്ത്രി ഇരിക്കുക. വിന്‍ഡോ സീറ്റില്‍ പുറത്തുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ പാകത്തിനാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം.

 

140 മണ്ഡലങ്ങളും താണ്ടി, സഞ്ചരിക്കുന്ന മന്ത്രിസഭാ ഡിസംബർ 24ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അതേസമയം ധൂര്‍ത്താണ് സര്‍ക്കാരിന്‍റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സദസ് ബഹിഷ്കരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും നവകേരള സദസുകളില്‍ പ്രത്യേക കൗണ്ടർ സൗകര്യമുണ്ടാകും.

Advertisements

 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും. കാസര്‍ഗോട്ടെ നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ച മണ്ഡലസദസ് നടക്കും. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

 

ഓരോ മണ്ഡലങ്ങളിലും പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും.