KOYILANDY DIARY.COM

The Perfect News Portal

നവ കേരള സദസ്സ്: കൊയിലാണ്ടി നിയോജകമണ്ഡലം സ്വാഗതസംഘം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

കൊയിലാണ്ടി: നവ കേരള സദസ്സ് വിജയത്തിനായി സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗത്തിൽ കൊയിലാണ്ടി ടൗൺ ഹാൾ ഉൾക്കൊള്ളാനാവാത്ത ജനസഞ്ചയം. സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ആയിരത്തിലധികം ആളുകൾ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും സംഘടിപ്പിക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കാൻ വലിയ പ്രതീക്ഷയോടെയാണ് ആളുകൾ എത്തിയത്.
4 മണിക്ക് തീരുമാനിച്ച യോഗത്തിൽ 3 മണിക്ക് മുമ്പേതന്നെ എത്തി ഇരിപ്പിടങ്ങൾ ഉറപ്പിച്ച ആയിരത്തിലധികം വരുന്ന ആളുകൾ എത്തിയതോടെ പിന്നീടെത്തിയ നൂറുകണക്കിനാളുകൾക്ക് ഹാളിനകത്തേക്ക് പ്രവേശിക്കാനായില്ല. ഒടുവിൽ സീറ്റുകൾ കിട്ടാതെ വിഷമത്തിലായവർക്ക് സ്വാഗതസംഘം പ്രവർത്തകർ ഡൈനിംഗ് ഹാളിലെ കസേരകൾ എത്തിച്ച് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതുംതികയാതെ വന്നതോടെ പലർക്കും ടൗൺഹാളിന് പുറത്ത് നിൽക്കേണ്ടി വന്നു.
കേരളത്തിൻ്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ദ്ധരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും  നവകേരള സദസ്സ് സദസ്സ് സംഘടിപ്പിക്കുന്നത്. നവംബര്‍ 25 നാണ് കൊയിലാണ്ടിയില്‍ സദസ്സ് സംഘടിപ്പിക്കുന്നത്.  ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകര്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍ തുടങ്ങിയ എല്ലാ വിഭാഗത്തിന്‍റെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി കുന്നമംഗലം മണ്ഡലം എം.എല്‍.എ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ എം.എല്‍.എമാരായ പി. വിശ്വന്‍, കെ.ദാസന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷീബ മലയില്‍, സി.കെ. ശ്രീകുമാര്‍, ജമീല സമദ്, കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ. കെ മുഹമ്മദ്, ടി. കെ ചന്ദ്രന്‍, എം.പി ഷിബു, ഡി.ദീപ, ഇ.കെ അജിത്ത്, കെ.ടി.എം കോയ, തഹസില്‍ദാര്‍ സി.പി മണി, കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു, പയ്യോളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബു, ജോയിന്‍റ് ആര്‍.ടി.ഒ ഇ.എസ് ബിജോയ് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ചെയര്‍മാനായും സഹകരണ വകുപ്പ് ഡെപ്യൂട്ടി റെജിസ്ട്രാര്‍ എന്‍. എം ഷീജ കണ്‍വീനറായും 201 അംഗ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Share news