നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്രസർക്കാരും എൻടിഎയും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചേക്കും

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രസർക്കാരും എൻടിഎയും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചേക്കും. വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി സത്യവാങ്മൂലം സമർപ്പിക്കാനാണ് ഉത്തരവ്. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങൾ അറിയിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കണം.

കളങ്കിതരായ വിദ്യാർത്ഥികളെ കൃത്യമായി തിരിച്ചറിയാൻ കഴിയുമോയെന്ന് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു. പരീക്ഷയുടെ വിശ്വാസ്യത തകർന്നു എന്നു വ്യക്തമായാൽ പുനഃ പരീക്ഷ നടത്തേണ്ടി വരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും.

