ഐടി മിഷന് ദേശീയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള ഐടി മിഷന് ദേശീയ അംഗീകാരം. നാഷണൽ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ പുരസ്‌കാരത്തിനാണ് ഐടി മിഷൻ നടപ്പാക്കുന്ന അക്ഷയ പ്രോജക്ട് അർഹമായത്. ധനവകുപ്പിനു കീഴിലുള്ള സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് ആണ് പരിഗണിച്ചത്.

ലഡാക്കിൽ നടന്ന ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ കോൺക്ലേവിലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ലഡാക്കിലെ ഐടി വകുപ്പുമായി സഹകരിച്ച് ഗവ കണക്ടും ഇലോഗ് മീഡിയയും ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കേരളം, തമിഴ്‌നാട്, ബിഹാർ, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുത്തു.

ഉദ്യോഗസ്ഥരും വ്യവസായ വിദഗ്ധരും സാങ്കേതികവിദ്യാ വിദഗ്ധരും ഏറ്റവും പുതിയ ട്രെൻഡുകളും വെല്ലുവിളികളും വിജയഗാഥകളും പങ്കുവച്ചു. ഐടി മിഷൻ ഡയറക്ടർ അനു കുമാരി പുരസ്‌കാരം ഏറ്റുവാങ്ങി. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ഡോ. ബി ഡി മിശ്ര ചടങ്ങിൽ പങ്കെടുത്തു.

