സംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 2 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.

തൃശൂർ എഫ്എച്ച്സി മാടവന 98 ശതമാനം സ്കോറും കാസർകോട് എഫ്എച്ച്സി ബെള്ളൂർ 87 ശതമാനം സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കോട്ടയം എഫ്എച്ച്സി വെളിയന്നൂർ 86 ശതമാനം സ്കോറും, മലപ്പുറം എഫ്എച്ച്സി അമരമ്പലം 84 ശതമാനം സ്കോറും, തൃശൂർ യുപിഎച്ച്സി പോർക്കളങ്ങാട് 92 ശതമാനം സ്കോറും, കാസർഗോഡ് എഫ്എച്ച്സി ചിറ്റാരിക്കൽ 87 ശതമാനം സ്കോറും നേടി പുനഃഅംഗീകാരം നേടി.

ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 73 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾ ദേശീയ ലക്ഷ്യ അംഗീകാരവും നേടിയിട്ടുണ്ട്.

