KOYILANDY DIARY

The Perfect News Portal

മലപ്പുറം ജില്ലയിൽ ദേശീയപാത അതിവേഗം; റോഡ് നിർമ്മാണം 40 മുതൽ 45 ശതമാനംവരെ പൂർത്തിയായി

മലപ്പുറം ജില്ലയിൽ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിൻറെ പ്രവൃത്തി 40 മുതൽ 45 ശതമാനംവരെ പിന്നിട്ടു. വെയിലും മഴയും വകവയ്‌ക്കാതെ അതിവേഗത്തിലാണ്‌ നിർമ്മാണം. 2024 ജൂലൈ 19നുമുമ്പ്‌ നിർമാണം പൂർത്തിയാക്കി റോഡ്‌ കൈമാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ.

മേൽപ്പാലം, അടിപ്പാതകൾ, വലിയ പാലങ്ങൾ, ചെറിയ പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാണ്‌ ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നത്‌. ഇവ പൂർത്തിയായാൽ റോഡ്‌ അതിവേഗം നിർമ്മിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ഹൈദരാബാദ്‌ കെഎൻആർ കൺസ്‌ട്രക്‌ഷൻ കമ്പനി (കെഎൻആർസിഎൽ)ക്കാണ്‌ നിർമ്മാണ ചുമതല. രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി – കാപ്പിരിക്കാട്‌ എന്നിങ്ങനെ  രണ്ട്‌ റീച്ചുകളിലായാണ്‌ നിർമാണം. ഭൂമി ഏറ്റെടുക്കുന്നതിന്‌ നഷ്‌ടപരിഹാരമായി 3676 കോടി രൂപയാണ്‌ നൽകിയത്‌.

ബാക്കിയുള്ള പ്രവൃത്തി

Advertisements

മിക്കയിടങ്ങളിലും ദേശീയപാത നിർമാണം അതിവേഗം പുരോഗമിക്കുമ്പോഴും പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്‌, വെളിയങ്കോട്‌ ഭാഗത്ത്‌ 14 ബിൽഡിങ്ങുകളുടെ വശങ്ങൾ ഇനിയും പൊളിക്കാനുണ്ട്‌. കോടതി ഇടപെടലിനെ തുടർന്നാണ്‌ പൊളിച്ചുനീക്കൽ വൈകിയത്‌. കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി, പിഡബ്ല്യുഡി, റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇവിടുത്തെ പ്രശ്‌നങ്ങൾകൂടി പരിഹരിക്കുന്നതോടെ ദേശീയപാതയുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം നീങ്ങും.

വട്ടപ്പാറ വളവ്‌ പഴങ്കഥ

വാഹനാപകടങ്ങളുടെ പേരിൽ അറിയപ്പെട്ട വട്ടപ്പാറ വളവ്‌ പഴങ്കഥയാകുമെന്നതാണ്‌ ദേശീയപാത വികസനത്തിലെ നേട്ടങ്ങളിലൊന്ന്‌. വളാഞ്ചേരിയിൽ 4.7 കിലോമീറ്ററിലാണ്‌ പുതിയ ബൈപാസ്‌ വരുന്നത്‌. ബൈപാസിൽ രണ്ട്‌ കിലോമീറ്റർ നീളത്തിൽ‌ വയഡക്ട്‌ (കരയിൽ നിർമിക്കുന്ന പാലം) നിർമിച്ചാണ്‌ വളവ്‌ ഒഴിവാക്കുന്നത്‌.

വട്ടപ്പാറ വളവിന്‌ മുകൾഭാഗത്ത്‌ ആരംഭിച്ച്‌ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൻ പാലത്തിനുസമീപമാണ്‌ ബൈപാസ്‌ അവസാനിക്കുക. വട്ടപ്പാറ പള്ളിക്ക്‌ സമീപത്തുനിന്ന്‌ വലിയ വയഡക്ടാണ്‌ താഴേക്ക്‌ നിർമ്മിക്കുക. വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും.വളാഞ്ചേരിക്കുപുറമേ കോട്ടക്കലിലും ബൈപാസ്‌ വരും. എടരിക്കോട്‌ പാലച്ചിറയിൽനിന്നാരംഭിച്ച്‌ സ്വാഗതമാട്‌ എത്തിച്ചേരും. നിലവിലുള്ള ദേശീയപാതയിൽനിന്ന്‌ പുത്തനത്താണി, കൊളപ്പുറം, ഇടിമുഴിക്കൽ തുടങ്ങിയ ടൗണുകളിൽ ചെറിയ മാറ്റമുണ്ട്‌. മറ്റ്‌ വഴികളിൽനിന്നുവരുന്ന വാഹനങ്ങൾക്ക്‌ ദേശീയപാതയിൽ പ്രവേശിക്കാൻ പ്രധാന ജങ്‌ഷനുകളിൽ അടിപ്പാതയോ മേൽപ്പാതയോ ഉണ്ടാകും.