KOYILANDY DIARY

The Perfect News Portal

ആദിവാസി വിദ്യാർത്ഥികൾക്കിടയിൽനിന്ന്‌ സിനിമയുമായി ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: ആദിവാസി വിദ്യാർത്ഥികൾക്കിടയിൽനിന്ന്‌ സിനിമയുമായി ചലച്ചിത്ര അക്കാദമി. അഭിനയം, തിരക്കഥ, സംഭാഷണം, സംവിധാനം. സിനിമയുടെ എല്ലാമേഖലയിലും ആദിവാസി വിദ്യാർത്ഥികൾ. വിദൂരത്തിലല്ല ആ സിനിമ. ഗോത്രവർഗമേഖലയിൽനിന്ന്‌ സിനിമയിലേക്ക്‌ നാളത്തെ താരങ്ങളെ ഒരുക്കുകയാണ്‌ ചലച്ചിത്രഅക്കാദമി. 25-ാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ അഭിമാന പദ്ധതിയാണിത്‌.

സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ (എംആർഎസ്‌) ഏഴുമുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്ന്‌ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെയാണ്‌ ഇതിനായി സജ്ജമാക്കുന്നത്‌. സംസ്ഥാന പട്ടികവർഗ വകുപ്പിൻറെ അംഗീകാരത്തോടെയാണിത്‌. 20 എംആർഎസുകളിൽനിന്ന്‌ ക്യാമ്പ്‌ നടത്തി അഞ്ചോ എട്ടോ വിദ്യാർത്ഥികളെവീതം ആകെ 150 പേരെ തെരഞ്ഞെടുക്കും. ഇതിന്‌ വിദഗ്‌ധരുടെ സഹായമുണ്ടാകും. ഇവർക്കായി രണ്ടുകേന്ദ്രത്തിൽ അഞ്ചുദിവസത്തെ ക്യാമ്പ്‌ നടത്തും.

 

പ്രമുഖ ചലച്ചിത്രപ്രവർത്തകരും സാങ്കേതികവിദഗ്‌ധരും പങ്കെടുക്കും. അഭിനയം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്‌, മറ്റുമേഖലകൾ എന്നിങ്ങനെ താൽപ്പര്യമുള്ളവരെ കണ്ടെത്തി മാർഗനിർദേശം നൽകും. ഇവർ ചേർന്ന്‌ സിനിമയെടുക്കും. ചെലവ്‌ ചലച്ചിത്ര അക്കാദമി വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന പ്ലസ്‌ടു വിദ്യാർത്ഥികൾക്ക്‌ അടുത്തവർഷം രാജ്യത്തെയും വിദേശത്തെയും പ്രമുഖ ചലച്ചിത്രപഠന സ്ഥാപനങ്ങളിൽ പഠിക്കാനുള്ള സാമ്പത്തികസഹായം പട്ടികവർഗ വകുപ്പ്‌ വഹിക്കും.

Advertisements

 

വിദ്യാർത്ഥികളുടെ പ്രാഥമികഘട്ട തെരഞ്ഞെടുപ്പ്‌ തിരുവനന്തപുരം, കാസർകോട്‌, കണ്ണൂർ ജില്ലകളിലെ എംആർഎസുകളിൽ ആരംഭിച്ചു. ഈ മാസം അവസാനം രണ്ടാംഘട്ട ക്യാമ്പ്‌ നടത്തും. തുടർന്നായിരിക്കും സിനിമാനിർമാണം. ഗോത്രവർഗ മേഖലയിൽനിന്ന്‌ ചലച്ചിത്രരംഗത്തേക്ക്‌ ചിലരെങ്കിലും എത്തിയിട്ടുണ്ടെങ്കിലും പലരും പിന്നീട്‌ രംഗം വിടാറുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വൻപദ്ധതിക്ക്‌ ചലച്ചിത്ര അക്കാദമിതന്നെ മുന്നിട്ടിറങ്ങുന്നത്‌.