KOYILANDY DIARY

The Perfect News Portal

സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പുമായി സിഎംഎഫ്ആർഐ

കൊച്ചി: സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ. കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിൻറെ ജനിതകഘടന കണ്ടെത്തുന്നത്.

ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. കണ്ടുപിടിത്തം മത്തിയുടെ പരിപാലനവും സംരക്ഷണവും കൂടുതൽ എളുപ്പമാക്കും. കാലാവസ്ഥാവ്യതിയാനം എങ്ങനെയാണ്‌ സമുദ്രസമ്പത്തിന് ഭീഷണിയാകുന്നതെന്ന് കണ്ടെത്താനും സഹായിക്കും. 

 

പോഷകസമൃദ്ധമായ ഭക്ഷ്യപൂരകങ്ങളുടെ (ഫുഡ് സപ്ലിമെൻറ്) നിർമ്മാണം ഉൾപ്പെടെയുള്ള സാധ്യതകളിലേക്ക് നേട്ടം വഴിതുറക്കും. മത്തിയുടെ ജീനുകളെ വേർതിരിച്ച് മറ്റു മീനുകളിലേക്ക് സന്നിവേശിപ്പിക്കാനും ഭാവിയിൽ കഴിഞ്ഞേക്കും. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. സന്ധ്യ സുകുമാരൻറെ നേതൃത്വത്തിലാണ് നേട്ടം കൈവരിച്ചത്‌.

Advertisements