ദേശീയപാത വികസനം: തിക്കോടിയിലെ അടിപ്പാത സമരം 50 ദിവസം പൂർത്തിയായി
തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത നിർമ്മാണത്തിനുവേണ്ടി ആക്ഷൻ കമ്മിറ്റി നടത്തുന്ന റിലേ സത്യാഗ്രഹം 50 ദിവസം പൂർത്തീകരിച്ചതിൻ്റെ ഭാഗമായി കൂട്ട നിരാഹാര സമരം നടന്നു. സ്വാഗതസംഘം ചെയർമാൻ വി.കെ അബ്ദുൽ മജീദ് അധ്യക്ഷതയിൽ ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.

റെയിൽവേ സ്റ്റേഷൻ, എഫ് സി. ഐ ഗോഡൗൺ, ഗ്രാമപഞ്ചായത്ത് ഓഫീസ്, ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, കൃഷിഭവൻ, ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ്, കോക്കനട്ട് നഴ്സറി, വിവിധ ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, പയ്യോളി, സി കെ ജി ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവ റോഡിൻറെ ഇരു ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ടൗണിൽ അടിപ്പാത അനിവാര്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി, ബഷീർ തിക്കോടി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് സുകുമാരൻ, കുഞ്ഞബ്ദുള്ള തിക്കോടി, എ .കെ ബൈജു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി മെമ്പറും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ആർ. വിശ്വൻ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ ചെമ്പുംചെല അധ്യക്ഷത വഹിച്ചു. കെ.വി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി റംല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല, ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് തിക്കോടി, രുഗ്മാഗതൻ മാസ്റ്റർ, സഹദ് പുറക്കാട്, മുഹമ്മദലി കെ, അശോകൻ ശില്പ എന്നിവർ സംസാരിച്ചു. ഭാസ്കരൻ തിക്കോടി സ്വാഗതവും കെ.വി മനോജ് കുമാർ നന്ദിയും രേഖപ്പെടുത്തി.
