KOYILANDY DIARY

The Perfect News Portal

ഉദ്‌ഘാടനത്തിനൊരുങ്ങി മൂന്നാർ – ബോഡിമേട്ട് റോഡ്

സോഷ്യൽ മീഡിയയിലൂടെ ഏറെ ജനശ്രദ്ധയാകർഷിച്ച മൂന്നാർ – ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ ഈ റോഡിന്റെ നിർമാണം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് നാടുകടത്തിയ കാട്ടാന അരിക്കൊമ്പനെ ലോറിയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് റോഡിന്റെ ഭംഗിയുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാദ്ധ്യമത്തിലൂടെ ഉയർന്നത്.

42 കിലോമീറ്റർ വരുന്ന റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനർനിർമിച്ചിരിക്കുന്നത്. ഇതോടെ ദേശീയ പാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലയ്‌ക്കും ഗുണമാകും. കൊച്ചി മുതൽ മൂന്നാർ വരെയുള്ള രണ്ടാം ഘട്ട റോഡിന്റെ വികസന പ്രവൃത്തികൾ ആരംഭിച്ചതായും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

 

 

മുമ്പ് തീരെ ഇടുങ്ങിയതായിരുന്നു മൂന്നാർ – ബോഡിമേട്ടുവരെയുള്ള റോഡ്. വെറും നാല് മീറ്റർ മാത്രമായിരുന്നു വീതി. തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗം മൂന്നാറിൽ എത്തുന്നവർക്ക് ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ദേവികുളം ഗ്യാപ് റോഡിന്റെ ഭാഗത്ത് മണ്ണിടിഞ്ഞ് വീണ് മാസങ്ങളോളം അപകടം ഉണ്ടാകുന്നതും പതിവായിരുന്നു. ഈ വഴി യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 2017 സെപ്തംബറിൽ റോഡിന്റെ നവീകരണം ആരംഭിച്ചത്. 42 കിലോമീറ്റർ റോഡ് പണിക്കായി 381.76 കോടി രൂപയാണ് അനുവദിച്ചത്. 15 മീറ്ററായി റോഡിന്റെ വീതി വർദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. 
ഉന്നത നിലവാരത്തിലുള്ള റോഡിലൂടെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര മനോഹരമായ കാഴ്ചയാകും സമ്മാനിക്കാൻ പോകുന്നത്. ആനയിറങ്കൽ അണക്കെട്ട്, പെരിയകനാൽ വെള്ളച്ചാട്ടം, വ്യൂ പോയിന്റ് തുടങ്ങിയ കാഴ്ചകൾ കണ്ട് സുഖകരമായി ഇനി യാത്ര ചെയ്യാം. 

Advertisements